ഏകീകൃത തദ്ദേശ വകുപ്പ്: സ്ഥാനക്കയറ്റത്തിൽ ഭിന്നത

Friday 02 December 2022 12:37 AM IST

■ഫയൽ തിരികെ വിളിപ്പിച്ചു■സംഘടനാ പ്രതിനിധികളുമായി ഇന്ന് ചർച്ച

തിരുവനന്തപുരം : തദ്ദേശത്തിലെ അഞ്ചു വകുപ്പുകളെ ഏകീകരിച്ച് സർക്കാർ ഉത്തരവായെങ്കിലും, ജീവനക്കാരുടെ സ്ഥാനക്കയറ്റ അനുപാതം നിശ്ചയിച്ചയിക്കാനായില്ല.

അഭിപ്രായ ഭിന്നതയെ തുടർന്ന്, ആദ്യം അനുപാതം നിശ്ചയിച്ച് ഉത്തരവിറക്കാൻ

കൈമാറിയ ഫയൽ തിരികെ വിളിച്ചു. ഇന്ന് ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി എറണാകുളത്ത് നടക്കുന്ന ചർച്ചയ്ക്ക് ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് മന്ത്രി എം.ബി.രാജേഷ്.

30758 ജീവനക്കാരാണ് അഞ്ചു വകുപ്പിലായുള്ളത്. ജീവനക്കാർ കൂടുതലുള്ള പഞ്ചായത്ത് വകുപ്പിന് സ്ഥാനക്കയറ്റത്തിൽ കൂടുതൽ അനുപാതം നൽകി കൂട്ടായ തീരുമാനമെടുത്ത ഫയൽ ഉത്തരവിറക്കാനായി കഴിഞ്ഞയാഴ്ചയാണ് മന്ത്രിയുടെ ഓഫീസിൽ നിന്ന് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ ഓഫീസിന് കൈമാറിയത്. എന്നാൽ,

മന്ത്രി ഓഫീസിൽ ആദ്യഘട്ടത്തിൽ തീരുമാനമെടുത്തവരിൽ ഒരുകൂട്ടർ അറിയാതെ, മറ്റൊരു കൂട്ടർ ഫയൽ തിരികെ വിളിപ്പിച്ചു. ജീവനക്കാരുടെ എണ്ണത്തിൽ രണ്ടാമതുള്ള നഗരകാര്യ വകുപ്പിന് കൂടുതൽ അനുപാതം നൽകാൻ തീരുമാനിച്ചു. ഇക്കാര്യങ്ങൾ മന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു.

അതിനിടെ ,പഞ്ചായത്ത് വകുപ്പിനെ മറികടന്ന് ജീവനക്കാർ കുറവുള്ള വകുപ്പിനെ പരിഗണിക്കുന്നത് അശാസ്ത്രീയമാണെന്നും, നിയമ പ്രശ്നത്തിന് കാരണമാകുമെന്നും മന്ത്രിയുടെ ജില്ലയായ പാലക്കാട്ടെ പഞ്ചായത്ത് വകുപ്പിലെ മുതിർന്ന ജീവനക്കാർ മന്ത്രിയെ അറിച്ചു. ഇതോടെ ബുധനാഴ്‌ച ഓഫീസിനുള്ളിലുള്ളവരുമായി ഇന്നലെ നടത്താനിരുന്ന ചർച്ച മന്ത്രി ഒഴിവാക്കി.

കൂട്ടിച്ചേർത്തത്

കള്ളക്കളി?

ജീവനക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള മുൻസിപ്പൽ കോമൺ സർവീസിനെയും അവസാനമുള്ള നഗരകാര്യ ഡറക്ടറേറ്റിനെയും കൂട്ടിയിണക്കിയത് സ്ഥാനക്കയറ്റത്തിനായുള്ള കള്ളക്കളിയെന്ന് മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ. മുൻസിപ്പൽ കോമൺ സർവീസിലുള്ളവർക്ക് ബന്ധപ്പെട്ട തദ്ദേശസ്ഥാപനവും, നഗരകാര്യ ഡയറക്ടറേറ്റിലുള്ളവർക്ക് സർക്കാരുമാണ് ശമ്പളം നൽകുന്നത്. സ്ഥാനക്കയറ്റത്തിനായി മാത്രം ഏകീകരണം നടത്തുന്നുവെന്നാണ് വിമർശനം.

ആകെ ജീവനക്കാർ

പഞ്ചായത്ത് - 13404

മുൻസിപ്പൽ കോമൺ സർവീസ് +

നഗരകാര്യ ഡയറക്ടറേറ്റ് - 6430

തദ്ദേശ എൻജിനിയറിംഗ് - 5458

ഗ്രാമവികസനം - 4905

നഗരാസൂത്രണം - 561