വിരട്ടാമെന്ന് കരുതേണ്ട, ഏത് വേഷത്തിൽ വന്നാലും സമ്മതിക്കില്ല

Friday 02 December 2022 12:04 AM IST

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടന്നത് സർക്കാരിനെതിരെയുള്ള നീക്കമല്ല, നാടിന്റെ മുന്നോട്ടു പോക്കിനെ തടയാനുള്ള ശ്രമമാണെന്നും ഏത് വേഷത്തിൽവന്നാലും അത് സമ്മതിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്നുകൊണ്ടും സർക്കാരിനെ വിരട്ടിക്കളയാമെന്ന് കരുതേണ്ട. എന്ത് സംഭവിച്ചാലും വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നാക്കം പോകില്ല. അനർട്ടിന്റെ ഹരിത ഉൗർജ്ജ വരുമാന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

വികസനത്തിന് തടസമുണ്ടാക്കുന്ന നിക്ഷിപ്ത ശക്തികൾ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. ഇവരെല്ലാം ഒത്തുകൂടുകയാണ്. ശാന്തിയും സമാധാനവുമുള്ള നാടിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇക്കൂട്ടർ പൊലീസിനുനേരെ വ്യാപകമായ ആക്രമണം നടത്തി. പൊലീസ് ഉദ്യോഗസ്ഥന്റെ കാൽ തല്ലിയൊടിച്ചു. എന്ത് പ്രകോപനമാണുണ്ടായത്.

ചില വിഭാഗങ്ങളുടെ ഗൂഢനീക്കങ്ങളെ തകർത്ത് നാഷണൽ ഹൈവേയും ഗെയിൽ പൈപ്പ് ലൈനും ഇടമൺ കൊച്ചി പവർ ഹൈവേയും നടപ്പാക്കിയതുപോലെ വിഴിഞ്ഞത്തിന്റെ കാര്യത്തിലും സംഭവിക്കും. ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. വിഴിഞ്ഞം പദ്ധതി നിറുത്തി വയ്ക്കണമെന്ന അഭിപ്രായം ആ പ്രദേശത്തില്ല. ജില്ലയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ആക്രമണത്തെ അപലപിച്ചു. ഞങ്ങളുടെ ഭാഗത്തുനിന്നും ആക്രമണം ഉണ്ടാവില്ല എന്ന് സമരസമിതിക്കാർ പറഞ്ഞു. ഇതിലൂടെ ആക്രമണം നടന്നിരിക്കുന്നു എന്ന് അവർ സമ്മതിക്കുകയാണ്.

സമരം നടത്തുന്നവർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചിലും മന്ത്രിതല ഉപസമിതി തീർപ്പുണ്ടാക്കി. തീരശോഷണവുമായി ബന്ധപ്പെട്ട പഠനത്തിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കാമെന്ന് സമ്മതിച്ചു. തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കാനാവില്ലെന്ന് തുടക്കത്തിലേ പറഞ്ഞു. ഇത്രയുമായപ്പോൾ സമരം പിൻവലിക്കുന്നത് ആലോചിക്കാമെന്ന് പറഞ്ഞ് പോയവരാണ് പിന്നീട് കോലാഹലമൊക്കെ ഉണ്ടാക്കിയത്.

വിഴിഞ്ഞംപദ്ധതിയുടെ കാര്യത്തിൽ ഇടതുമുന്നണിക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു. എന്നാൽ 2016ൽ തന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുമ്പോൾ കരാർ കൈമാറിയിരുന്നു. നിർമ്മാണം ഏറെ മുന്നോട്ട് പോയിട്ടുണ്ടായിരുന്നു. ആ ഘട്ടത്തിൽ ഒരു പിന്നാക്കം പോകൽ ആലോചിക്കാനാവില്ലായിരുന്നു. പദ്ധതിയിൽനിന്ന് പിന്മാറിയാൽ അത് സംസ്ഥാനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കും. കേരളത്തിൽ നിക്ഷേപമിറക്കാൻ ആരും വരാത്ത സ്ഥിതിയാകും. തിരഞ്ഞെടുപ്പിൽ സർക്കാരുകൾ മാറിവരാം. എന്നാൽ പദ്ധതികൾ അതനുസരിച്ച് മാറ്റാനാവില്ല.

എന്ത് വികാരമാണ്

ഇളക്കിവിടാൻ ശ്രമിക്കുന്നത്?

സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായ ഒരാളുടെ പേര് അബ്ദുറഹിമാൻ എന്നായിപ്പോയി. ആ പേരിൽ തന്നെ രാജ്യദ്രോഹിയുടെ നിലയുണ്ട് എന്നുപറയാൻ ഒരാൾക്ക് കഴിയുന്നുവെന്ന് വന്നാൽ എന്താണ് അർത്ഥം. ഇതെങ്ങോട്ടാണ് പോകുന്നത്. എന്ത് വികാരമാണ് ഇളക്കിവിടാൻ ശ്രമിക്കുന്നത്. പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് ആദ്യം പ്രഖ്യാപനം നടത്തുന്നു. അത് യാഥാർത്ഥ്യമാക്കുന്നു. അതിനുവേണ്ടി പ്രത്യേക രീതിയിലുള്ള ആൾക്കൂട്ടത്തെ സജ്ജരാക്കുന്നു.

Advertisement
Advertisement