അഞ്ചലോത്സവത്തിന് ഇന്ന് കൊടിയിറക്കം
അഞ്ചൽ: അഞ്ചലിൽ അഞ്ചുനാൾ നീണ്ട കൗമാര കലയുടെ ഉത്സവത്തിന് ഇന്ന് കൊടിയിറക്കം. കൊവിഡിന് ശേഷമുള്ള കലോത്സവമെന്ന നിലയിൽ ജനപങ്കാളിത്തത്താലും സംഘാടക മികവിനാലും ശ്രദ്ധേയമായിരുന്നു കലോത്സവം.
138 ഇനങ്ങളിലായി 6500ൽപരം പ്രതിഭകളാണ് മാറ്റുരച്ചത്. ചില്ലറ തർക്കങ്ങളും പിണക്കങ്ങളുമൊക്കെയുണ്ടായിരുന്നെങ്കിലും സാധാരണപോലെ അപ്പീലുകൾ ഉണ്ടായില്ല. സമാധാനപരമായി കലാമാമാങ്കത്തിന് തിരശീല വീഴുന്നതിന്റെ സന്തോഷത്തിലാണ് സംഘാടകർ.
മന്ത്രി ജെ.ചിഞ്ചുറാണിയടക്കം പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ മന്ത്രി കെ.എൻ.ബാലഗോപാലാണ് കലോത്സവത്തിന് തിരി തെളിച്ചത്. ഇന്ന് വൈകിട്ട് 5ന് സമാപന സമ്മേളനം പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ അദ്ധ്യക്ഷനാകും. എം.നൗഷാദ് എം.എൽ.എ, മുൻ മന്ത്രി കെ.രാജു, കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമലാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബൈജു, കെ.അനസ് ബാബു, വി.കെ.ആദർശ് കുമാർ എന്നിവർ സംസാരിക്കും. വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.ഐ.ലാൽ സമ്മാനദാനം നിർവഹിക്കും.