ജവാൻ മുഹമ്മദ് ഹക്കീമിന് കണ്ണീരോടെ യാത്രാമൊഴി

Friday 02 December 2022 1:41 AM IST

പാലക്കാട്: ഛത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികൻ മുഹമ്മദ് ഹക്കീമിന് ജന്മനാടിന്റെ കണ്ണീരിൽകുതിർന്ന യാത്രാമൊഴി. കേന്ദ്രസേനയുടെയും സംസ്ഥാന സർക്കാരിന്റെയും ഔദ്യോഗിക ബഹുമതികളോടെയാണ് ഹക്കീമിന് രാജ്യം വിടചൊല്ലിയത്. ഇന്നലെ രാവിലെയാണ് മുഹമ്മദ് ഹക്കീമിന്റെ മൃതദേഹം ധോണി ഉമ്മിനി ഹൈസ്‌കൂളിൽ പൊതുദർശനത്തിനെത്തിച്ചത്. അന്ത്യാഞ്ജലി അർപ്പിക്കാനായി ആയിരങ്ങൾ സ്കൂളിലേക്ക് ഒഴുകിയെത്തി. തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെയും സൈനിക സൗഹൃദ കൂട്ടായ്മകളുടെയും സിവിൽ ഡിഫെൻസിന്റെയുമെല്ലാം വൊളന്റിയർമാരെയും നിയോഗിച്ചിരുന്നു.

സംസ്ഥാന സർക്കാരിനുവേണ്ടി ജില്ല കളക്ടർ മൃൺമയി ജോഷിയും കേരള പൊലീസിനുവേണ്ടി ജില്ല പൊലീസ്‌ മേധാവി ആർ.വിശ്വനാഥും അന്തിമോപചാരമർപ്പിച്ചു. തുടർന്ന് ഭൗതിക ശരീരം സൈനികരുടെയും നാട്ടുകാരുടെയും അകമ്പടിയോടെ ഉമ്മിനി ജുമാ മസ്ജിദിലിലേക്കു കൊണ്ടുപോയി. സംസ്ഥാന സർക്കാരിന്റെയും വിവിധ കേന്ദ്രസേനകളുടെയും ഗാർഡ് ഓഫ് ഓണർ നൽകി രാവിലെ 10.45ന് കബറടക്കി.