അദാനി നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക്; വിഴിഞ്ഞത്ത് വൈദികരടക്കം അതിക്രമിച്ച് കയറി കലാപമുണ്ടാക്കിയെന്ന് പൊലീസ് കോടതിയിൽ

Friday 02 December 2022 7:01 AM IST

കൊച്ചി: വിഴിഞ്ഞം സമരങ്ങളെത്തുടർന്ന് സർക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹ‌ർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പൊലീസ് സ്‌റ്റേഷൻ ആക്രമണടക്കം നടന്നതിന് പിന്നാലെ സ്വീകരിച്ച നിയമനടപടികൾ സർക്കാർ ഇന്ന് കോടതിയെ അറിയിക്കും. ഇക്കാര്യങ്ങൾ ഇന്ന് അറിയിക്കുന്നതിന് മുൻപ് കേസ് പരിഗണിക്കവെ കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം പദ്ധതി പ്രദേശത്ത് അതിക്രമിച്ച് കയറി കലാപമുണ്ടാക്കിയതിൽ വൈദികരടക്കമുണ്ടെന്ന സത്യവാങ്‌മൂലം കഴിഞ്ഞദിവസം പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ കലാപമുണ്ടാക്കിയത് പൊലീസാണെന്നാണ് കോടതിയിൽ സമര സമിതി വാദിക്കുക.

ആക്രമണം അഴിച്ചുവിട്ടവർക്കും അതിന് പ്രേരിപ്പിച്ചവർക്കുമെതിരെ ഹർജിയിൽ നടപടി ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ വിഴിഞ്ഞം ആക്രമണങ്ങളിൽ ദേശീയാന്വേഷണ ഏജൻസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. വിഴിഞ്ഞം സ്വദേശിയായ മുൻ ഡിവൈഎഎസ്‌പിയാണ് സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്.

വൈദികരുടെ നേതൃത്വത്തിൽ പള‌ളിമണിയടിച്ച് സ്‌ത്രീകളെയും മുതിർന്നവരെയും കുട്ടികളെയുമടക്കം എത്തിച്ചെന്നും അക്രമത്തിൽ അഞ്ച് പേരെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ പൊലീസ് സ്‌റ്റേഷൻ ആക്രമിച്ചുവെന്നും സംഭവത്തിൽ 64 പൊലീസുകാർക്ക് പരിക്കേറ്റതായുമാണ് പൊലീസ് നൽകിയ സത്യവാങ്‌മൂലത്തിലുള‌ളത്. അതേസമയം വിഴിഞ്ഞത്ത് വ്യക്തമായ ഗൂഢാലോചനയോടെ നാടിന്റെ സ്വൈര്യം തകർക്കാൻ ഗൂഢാലോചനയുണ്ടായി എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ആരോപിച്ചത്. എന്നാൽ വിഴിഞ്ഞത്ത് പ്രകോപനമുണ്ടാക്കിയത് സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.