കോഴിക്കോട് കോർപറേഷന്റെ അക്കൗണ്ടിലെ 14 കോടിയോളം രൂപ വെട്ടിച്ചു; ബാങ്ക് മാനേജരായ യുവാവ് ഇപ്പോഴും ഒളിവിൽതന്നെ

Friday 02 December 2022 7:50 AM IST

കോഴിക്കോട്: കോർപറേഷന്റെ അക്കൗണ്ടിൽ നിന്നും കോടികൾ തട്ടിയെടുത്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി നഗരസഭ. പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടിൽ നിന്നും 2.5 കോടി രൂപ കാണാതായതിന് പിന്നാലെ 12 കോടി രൂപയടക്കം മൊത്തം 14.5 കോടി രൂപയാണ് കുടുംബശ്രീ അക്കൗണ്ടിൽ നിന്നും നഷ്‌ടമായത്. ഈ തുക പലിശ സഹിതം 24 മണിക്കൂറിനകം തിരികെ കിട്ടണമെന്നാണ് നഗരസഭ ആവശ്യപ്പെടുന്നത്. കോർപറേഷൻ സെക്രട്ടറി ഇക്കാര്യത്തിൽ പൊലീസിന് പരാതി നൽകി.

സംഭവത്തിൽ പണം തട്ടിയതായി കണ്ടെത്തിയ പഞ്ചാബ് നാഷണൽ ബാങ്ക് ലിങ്ക് റോഡ് ശാഖയിലെ മുൻ മാനേജർ എം.പി റിജിൽ (31) ഇപ്പോഴും ഒളിവിലാണ്. ഇയാൾ ഇന്ന് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഇയാൾ തട്ടിയെടുത്തതായി ബാങ്ക് കണ്ടെത്തിയ 2.5 കോടി രൂപ ബാങ്ക് തിരികെ നൽകിയിരുന്നു. ഇയാളുടെ അക്കൗണ്ടിലേക്കും അച്ഛന്റെ അക്കൗണ്ടിലേക്കുമാണ് പണം മാറ്റിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സംഭവത്തിനെത്തുടർന്ന് ഇടത് മുന്നണി ഇന്ന് പഞ്ചാബ് നാഷണൽ ബാങ്കിലേക്ക് മാർച്ച് നടത്തുന്നുണ്ട്. ബാങ്ക് നടത്തിയ പ്രാഥമിക പരിശോധനയിൽ 98 ലക്ഷം രൂപ വെട്ടിച്ചെന്നാണ് കണ്ടെത്തിയത്. എന്നാൽ 2.53 കോടി രൂപയാണെന്ന് കോർപറേഷൻ ശക്തമായി വാദിച്ചതോടെയാണ് പണം മടക്കി നൽകിയത്.

എന്നാൽ സംഭവത്തിൽ റിജിൽ നിരപരാധിയാണെന്നും മകൻ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും ആരോ കുടുക്കിയതാകാമെന്നുമാണ് റിജിലിന്റെ പിതാവിന്റെ വാദം. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വീട് പണിയാൻ ലോണെടുത്തതല്ലാതെ മറ്റ് സാമ്പത്തിക ബാദ്ധ്യത ഒന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു. രണ്ട് ദിവസമായി മകനെക്കുറിച്ച് അറിവില്ലെന്ന് മാതാവും പ്രതികരിച്ചു.