അട്ടപ്പാടിയിൽ വനംവകുപ്പ് വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന; പിന്നിലേക്ക് ഓടിച്ചത് രണ്ടര കിലോമീ‌റ്ററോളം

Friday 02 December 2022 8:50 AM IST

അട്ടപ്പാടി: വനംവകുപ്പിന്റെ ആർ ആർ ടി വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്പൻ. അട്ടപ്പാടി പാലൂരിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. പ്രദേശത്ത് ജനവാസ മേഖലയിൽ കാട്ടാനയിറങ്ങിയതറിഞ്ഞ് സ്ഥലത്തെത്തിയതാണ് വനപാലകർ. വെളിച്ചമടിച്ച് ആനയെ തുരത്താനുള‌ള ശ്രമത്തിലായിരുന്നു നാട്ടുകാർ. ഇതിനിടെയാണ് ആന വനംവകുപ്പ് വാഹനത്തിന് നേരെ തിരിഞ്ഞത്.

രണ്ടര കിലോമീ‌റ്ററോളം ആന വനംവകുപ്പ് വാഹനത്തിന് പിന്നാലെ പാഞ്ഞെത്തി. ഇതിന് ശേഷമാണ് കാട്ടിലേക്ക് ആന മടങ്ങിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ആന ഈ പ്രദേശത്ത് ഇറങ്ങുന്നത്. ആന വാഹനത്തിന് നേരെ വരുന്നത് കണ്ട് പോകുന്നതിന് വേണ്ടി സൈഡ് നൽകിയെങ്കിലും വാഹനത്തിന് നേരെതന്നെ ആന എത്തുകയായിരുന്നു.