കള്ളൻ കപ്പലിലായിരുന്നു! സർക്കാരിന്റെ സപ്ലൈക്കോ വിതരണം ചെയ്ത ശബരി വെളിച്ചെണ്ണയിലും മായം, അടിയന്തരമായി തിരിച്ചെടുക്കാൻ നിർദ്ദേശം

Friday 02 December 2022 9:42 AM IST

കോട്ടയം. സർക്കാർ സ്ഥാപനമായ സപ്ലൈക്കോ വിതരണം ചെയ്ത ശബരി വെളിച്ചെണ്ണയിലും മായം. മൂന്നാർ ഡിപ്പോയിലാണ് മിനറൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതോടെ വിതരണം നിറുത്തിവയ്ക്കാനും എല്ലാ ഡിപ്പോകളിൽ നിന്നും ശബരിവെളിച്ചെണ്ണ തിരിച്ചെടുക്കാനും സപ്ലൈക്കോ മാനേജ്മെന്റ് നിർദ്ദേശം നൽകി. സ്റ്റോക്കുള്ള എല്ലാ ബാച്ചിലെയും വെളിച്ചെണ്ണ അടിയന്തരമായി ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കും.

സ്വകാര്യ സ്ഥാപനമായ റോയൽ എഡിബിൾ കമ്പനിക്കായിരുന്നു സപ്ലൈക്കോയ്ക്ക് വെളിച്ചെണ്ണ വിതരണം ചെയ്യുന്നതിന് കരാർ നൽകിയിരുന്നത്. കോന്നിയിലെ സി.എഫ്.ആർ.ഡി ലാബിൽ പരിശോധിച്ച വെളിച്ചെണ്ണയിലാണ് മായം കണ്ടെത്തിയത്. ഇതോടെ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കമ്പനിയെ കരിമ്പട്ടികയിൽപെടുത്തണോ എന്ന് തീരുമാനിക്കും.

പൊതു വിപണിയിൽ ബ്രാൻഡഡ് വെളിച്ചെണ്ണയ്ക്ക് 200 - 250 രൂപ വരെ ഉയർന്നതോടെ സപ്ലൈക്കോയിൽ ശബരി വെളിച്ചെണ്ണയ്ക്ക് വൻ ഡിമാൻഡായിരുന്നു. ഒറ്റ ദിവസം കൊണ്ട് സ്റ്റോക്ക് മുഴുവൻ തീരുന്ന സ്ഥിതിയുണ്ടായി. റേഷൻ കാർഡിന് മാസം ഒരു ലിറ്റർ വെളിച്ചെണ്ണയായിരുന്നു വിതരണം ചെയ്തിരുന്നത്. 92 രൂപയായിരുന്നു വില. ഡിമാൻഡ് കൂടിയതോടെ വിതരണം അര ലിറ്ററായി കുറച്ചു. പിന്നീട് ഒരു ലിറ്ററാക്കിയപ്പോൾ അരലിറ്ററിന് സബ്സിഡി നിരക്കും ബാക്കി അര ലിറ്ററിന് പൊതുവിപണി വിലയും ചേർത്ത് ലിറ്ററിന് 128 രൂപ ആക്കി ഉയർത്തി. സബ്സിഡി ലഭിക്കണമെങ്കിൽ മാർജിൻ വിലകൂടി അടയ്ക്കണമെന്ന അവസ്ഥയിൽ ഉപഭോക്താക്കളെ സബ്സിഡി തട്ടിപ്പിനിരയാക്കി സപ്ലൈക്കോ പിഴിഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലാണ് മായം കണ്ടെത്തിയത്.

തകർത്തത് വിശ്വാസ്യത

സപ്ലൈക്കോ വിതരണം ചെയ്യുന്നതിനാൽ ശബരി വെളിച്ചെണ്ണ ഗുണനിലവാരമുള്ളതെന്ന വിശ്വാസത്തിലായിരുന്നു ജനങ്ങൾ. കൂടുതൽ കാലം ഇരിക്കില്ലെന്നും ശുദ്ധമായ വെളിച്ചെണ്ണയുടെ ഗന്ധത്തിന് പകരം പഴകിയ ഗന്ധമുണ്ടാകാറുണ്ടെന്ന പരാതിയും ഇടക്കാലത്ത് ഉയർന്നിരുന്നു. കൃത്യമായ പരിശോധന നടക്കാറില്ലാത്തതിനാൽ മാലിന്യം കലർന്ന വെളിച്ചെണ്ണ നൽകാൻ കരാർ കമ്പനിക്ക് കഴിയുമായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയും ഇക്കാര്യത്തിൽ ലഭിച്ചിരുന്നു. പൊതു ജനങ്ങളുടെ പരാതിയെ തുടർന്ന് സാമ്പിൾ പരിശോധനയിലാണ് സപ്ലൈകോയിൽ വിതരണം ചെയ്യുന്ന ശബരി വെളിച്ചെണ്ണയിലും വ്യാജൻ വിലസുന്നതായ ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്.