ലിവിംഗ് ടുഗദറൊക്കെ പണ്ടേ ഇവിടുണ്ട് ! മൂന്ന് മക്കളെയും വിവാഹം കഴിപ്പിച്ച ശേഷം പങ്കാളികൾ ഒന്നായി, കാണാൻ ആഗ്രഹമുണ്ടായിട്ടും മക്കൾക്ക് ചടങ്ങിൽ പങ്കെടുക്കാനായില്ല 

Friday 02 December 2022 10:21 AM IST

കാഞ്ഞങ്ങാട്: ജോലി സ്ഥലത്തു വച്ചു കണ്ട് പ്രണയിച്ച്, ഒരുമിച്ചു ജീവിച്ചു തുടങ്ങിയ ചോമണ്ണൻ നായ്ക്കും ഓമനയും വരണമാല്യം ചാർത്തിയത് മൂന്നുമക്കളുടെയും വിവാഹശേഷം. പക്ഷേ, ആചാരമനുസരിച്ച് മാതാപിതാക്കളുടെ കല്ല്യാണത്തിന് മക്കൾ പങ്കെടുക്കരുതെന്നതിനാൽ ഈ മൂന്നുമക്കൾക്കും ചടങ്ങിൽ പങ്കെടുക്കാനായില്ല.

അല്ലലും അലട്ടലുമില്ലാത്ത 37 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനു ശേഷം, സമുദായ ആചാര പ്രകാരം പനത്തടി പെരുതടി മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞദിവസം ധാരാ കല്യാണം നടത്തുകയായിരുന്നു.


പനത്തടി പഞ്ചായത്തിലെ കോളിച്ചാൽ മാട്ടക്കുന്ന് പട്ടിക വർഗ കോളനിയിലെ മറാഠി സമുദായത്തിൽപ്പെട്ട ചോമണ്ണൻ നായ്ക്കിന് 65 വയസ്സും ഓമനയ്ക്ക് 58 വയസ്സുമുണ്ട്. സഹോദരൻ അണ്ണയ്യ നായ്ക്കരാണ് പിതാവിന്റെ സ്ഥാനത്ത് നിന്ന് ഓമനയെ വരനു കൈപിടിച്ച് ഏൽപിച്ചത്. വിവാഹശേഷം സദ്യയും ഒരുക്കിയിരുന്നു. ഇതേസമയം തന്നെ ഇവർക്ക് ലൈഫ് ഭവന പദ്ധതിയിൽ പനത്തടി പഞ്ചായത്ത് വീട് അനുവദിച്ചു എന്നറിഞ്ഞത് ഇരട്ടിമധുരമായി.

Advertisement
Advertisement