ഗുരുവായൂരിൽ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ ദാമോദർദാസ് വീണ്ടും ഇടഞ്ഞു; തളച്ചത് ഏറെ നേരം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും ആനയിടഞ്ഞു. ഇന്ന് രാവിലെ പടിഞ്ഞാറേ നടയിലാണ് സംഭവം. ദാമോദർദാസ് എന്ന കൊമ്പനാണ് ഇടഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് വിവാഹ ഫോട്ടോഷൂട്ടിനിടെയും ദാമോദർദാസ് ഇടഞ്ഞിരുന്നു.
രാവിലെ ശീവേലി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. പടിഞ്ഞാറേ നടയിൽ എത്തിയപ്പോൾ ആന അസ്വസ്ഥത പ്രകടിപ്പിച്ചു. ആനയുടെ കാലുകളിൽ ചങ്ങലയുണ്ടായിരുന്നതിനാൽ വലിയ പ്രശ്നങ്ങൾ ഒഴിവായെങ്കിലും ഏറെ നേരം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് കൊമ്പനെ തളച്ചത്. ദാമോദർദാസിനെ ഉടൻ ആനക്കോട്ടയിലേയ്ക്ക് മാറ്റും.
കഴിഞ്ഞ മാസം പത്തിനായിരുന്നു വിവാഹ ഫോട്ടോഷൂട്ടിനിടെ ദാമോദർദാസ് ഇടഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അന്ന് പാപ്പാനെ കോരിയെടുക്കാൻ ശ്രമിച്ചെങ്കിലും അരയിൽ ചുറ്റിയിരുന്ന മേൽമുണ്ട് മാത്രമാണ് ആനയുടെ തുമ്പികയ്യിൽ കിട്ടിയത്. അതുകൊണ്ട് മാത്രമാണ് പാപ്പാൻ രക്ഷപെട്ടത്.