എൽദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കുന്നുണ്ട്, ജാമ്യം റദ്ദാക്കേണ്ട; സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി തള്ളി

Friday 02 December 2022 12:15 PM IST

കൊച്ചി: ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം എൽ എയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീലുകൾ ഹൈക്കോടതി തള്ളി. സർക്കാരും പരാതിക്കാരിയും നൽകിയ അപ്പീലാണ് ജസ്റ്റിസ് കൗസർ എടപ്പകത്ത് തള്ളിയത്. എം എൽ എ അന്വേഷണവുമായി സഹകരിക്കുന്ന സാഹചര്യത്തിൽ ജാമ്യം റദ്ദാക്കേണ്ട കാര്യമില്ലെന്ന് കോടതി അറിയിച്ചു.

മൂന്ന് ദിവസത്തെ വിശദമായ വാദത്തിന് ശേഷമാണ് കോടതി അപ്പീൽ തള്ളിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞമാസമാണ് എൽദോസ് കുന്നപ്പിള്ളിയ്‌ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇതിനുപിന്നാലെ പീഡനം നടന്നതിന് വ്യക്തമായ തെളിവുണ്ടെന്നും ജാമ്യം നൽകിയത് ശരിയായ നടപടിയല്ലെന്നും ചൂണ്ടികാണിച്ചാണ് സർക്കാർ കോടതിയിൽ അപ്പീൽ നൽകിയത്.

അതേസമയം, തനിക്കെതിരായ ആരോപണങ്ങളിൽ സത്യം തെളിഞ്ഞെന്ന് എൽദോസ് കുന്നപ്പിള്ളി പ്രതികരിച്ചു. കാര്യങ്ങൾ പാർട്ടിയെ ബോദ്ധ്യപ്പെടുത്താൻ സാധിക്കുമെന്നും പെരുമ്പാവൂർകാർക്ക് തന്നെ അറിയാമെന്നും ജനകീയ കോടതിയിൽ താൻ കുറ്റവിമുക്തനാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.