വിഴിഞ്ഞത്തെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ലെന്ന് സർക്കാർ; പൊലീസ് സംരക്ഷണം പ്രതിഷേധക്കാർക്കാണെന്ന് ഹൈക്കോടതിയിൽ അദാനി
കൊച്ചി: വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണ സ്ഥലത്തെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിന് വിരോധമില്ലെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ. അദാനി പോർട്‌സ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വാദത്തിനിടെയാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്. വിഷയത്തിൽ കോടതി കേന്ദ്രനിലപാട് തേടി. വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണം തടസപ്പെടുന്നതായും സംസ്ഥാനത്ത് നിന്നും ലഭിക്കേണ്ട സുരക്ഷ ലഭിക്കുന്നില്ലെന്നും കാട്ടി അദാനി പോർട്‌സ് നൽകിയ ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്. സുരക്ഷ ലഭിക്കാത്തതിനാൽ കേന്ദ്ര സേനയെ പദ്ധതി പ്രദേശത്ത് നിയോഗിക്കണമെന്നാണ് അദാനി ഗ്രൂപ്പ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണമൊരുക്കണം എന്ന കോടതിയുത്തരവിന്റെ ലംഘനമാണ് നടക്കുന്നതെന്ന് അദാനി ഗ്രൂപ്പ് വാദിച്ചു. വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം നൽകുന്നത് പ്രതിഷേധക്കാർക്കാണെന്നും തങ്ങൾക്കല്ലെന്നുമാണ് അദാനി ഗ്രൂപ്പിന്റെ വാദം.
എന്നാൽ സംഘർഷം ഒഴിവാക്കുന്നതിന് വിഴിഞ്ഞത്ത് വെടിവെപ്പൊഴികെ എല്ലാ നടപടിയും സ്വീകരിച്ചെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ബിഷപ്പടക്കം വൈദികരെ പ്രതിയായി കേസെടുത്തെന്നും അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തതായും കോടതിയുടെ ചോദ്യത്തിന് സർക്കാർ മറുപടി നൽകി. എന്നാൽ ഈ വൈദികരടക്കം പല പ്രതികളും ഇപ്പോഴും സമരപന്തലിലുണ്ടെന്നും സാധനങ്ങളെത്തിക്കാൻ കഴിയുന്നില്ലെന്നുമാണ് അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചത്.
പദ്ധതി പ്രദേശത്ത് ആളുകളെ ഒഴിപ്പിക്കാൻ ശ്രമിച്ച് വെടിവെപ്പുണ്ടായാൽ നൂറുകണക്കിന് പേർ മരിക്കുമെന്നാണ് കോടതിയിൽ സർക്കാർ അറിയിച്ചത്. വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണത്തിന് സാധിച്ചില്ലെങ്കിൽ കേന്ദ്ര സേനയെ വിന്യസിക്കാൻ കോടതി മുൻപ് ഇടക്കാല ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാതെ വന്നതോടെയാണ് കമ്പനി കോടതിയെ സമീപിച്ചത്.