പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു, മത്സ്യത്തൊഴിലാളികളുടേത് സ്വാഭാവിക പ്രതികരണം; വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ ഫാ.യൂജിൻ പെരേര

Friday 02 December 2022 1:42 PM IST

തിരുവനന്തപുരം: വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന നാടകീയ സംഭവങ്ങൾ സംസ്ഥാന സർക്കാ‌ർ സൃഷ്ടിച്ച തിരക്കഥയാണെന്ന് സമരസമിതിയ്ക്ക് നേതൃത്വം നൽകുന്ന ഫാ. യൂജിൻ പെരേര. നവംബർ 26ന് നടന്ന നാടകങ്ങൾ സർക്കാർ സത്യവാങ്മൂലത്തിലൂടെ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 27ാം തീയതി ഈ തിരക്കഥ മറ്റൊരു ഭാവത്തിലാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെമേൽ അടിച്ചേൽപ്പിച്ചതെന്നും ഫാ. യൂജിൻ പെരേര ആരോപിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഴിയിൽകൂടി നടന്നുപോവുകയായിരുന്ന രണ്ട് യുവാക്കളെ ഷാഡോ പൊലീസ് എന്ന പേരിലെത്തിയവർ പിടിച്ചുകൊണ്ടുപോയി. അതിലൊരാൾ പ്രദേശത്തെ വാർഡ് കൗൺസിലർ ആയിരുന്നു. ഈ രണ്ട് ആളുകളെയും തിരിച്ചറിയാതെയാണ് പൊലീസ് പിടിച്ചുകൊണ്ടുപോയത്. ഒരാളെ നിർബന്ധപൂർവം കസ്റ്റഡിയിൽ വയ്ക്കണമെന്ന ദുരുദേശത്തോടുകൂടിയാണ് ഇവരെ പിടിച്ചുകൊണ്ടുപോയത്. അദ്ദേഹത്തിന്റെ എഫ് ഐ ആർ പരിശോധിച്ചിരുന്നു.

തനിക്കെതിരെയും മറ്റ് പുരോഹിതൻമാർക്കെതിരെയും 307 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണറോട് വ്യക്തമാക്കി. എന്നാൽ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി ആ കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നും താൻ കമ്മീഷണറെ അറിയിച്ചു. അദ്ദേഹത്തിന് മേൽ കേസ് ചാർജ് ചെയ്യണമെങ്കിൽ ചെയ്തോളൂ എന്നാൽ ജാമ്യത്തിൽ വിടണമെന്ന് താൻ അഭ്യർത്ഥിച്ചു. അപ്രകാരം ചെയ്യാമെന്ന് കമ്മീഷണർ പറഞ്ഞെങ്കിലും അദ്ദേഹത്തിന് മുകളിലും നിയന്ത്രണം ഉണ്ടായിരുന്നു.

മത്സ്യത്തൊഴിലാളികളെ അടിച്ചൊതുക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പൊതുമധ്യത്തിൽ പറഞ്ഞിരുന്നു. മത്സ്യബന്ധനവകുപ്പ് മന്ത്രിയും തുറമുഖ വകുപ്പ് മന്ത്രിയും മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്തത് രാജ്യദ്രോഹികളെന്നായിരുന്നു. രാജ്യദ്രോഹികളെന്ന് വെറുതേ മാനത്തുനോക്കി പറയുന്നതാണോ? മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾക്ക് നേരെ സർക്കാർ മുഖംതിരിഞ്ഞുനിൽക്കുകയാണ്. നല്ല മനസുള്ള മത്സ്യത്തൊഴിലാളികളെ ക്ഷോഭിപ്പിക്കുകയോ കേൾക്കുന്നില്ലെന്ന് തോന്നുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. എന്നാലവയെ ന്യായീകരിക്കുന്നില്ല. താൻ സമാധാന ശ്രമങ്ങൾക്കായി സംഭവസ്ഥലത്തെത്തിയപ്പോൾ തന്റെ നേർക്കാണ് ആദ്യം കണ്ണീർവാതകം പ്രയോഗിച്ചത്. നിരവധി മാരകശേഷിയുള്ള ഷെല്ലുകളും പൊലീസ് പ്രയോഗിച്ചു. ശേഷം പൊലീസ് ആസൂത്രിതമായി സ്ത്രീകൾ, പ്രായമായവർ എന്നിവരുൾപ്പെടെയുള്ളവർക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. സത്യം പുറത്തുകൊണ്ടുവരണമെന്നും ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കണമെന്നുമാണ് തങ്ങളുടെ ഭാഗത്തുനിന്ന് കോടതിയോട് ആവശ്യപ്പെട്ടത്.

26ലെയും 27ലെയും സംഭവത്തിൽ നിരവധി ബാഹ്യശക്തികൾ ഇടപെട്ടിരുന്നു. ഇതിന് ശേഷം മത്സ്യത്തൊളിലാളികളെ അടിച്ചൊതുക്കുമെന്ന പരാമർശമാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാഗത്തുനിന്ന് വരുന്നത്. ഇതിൽ ദുഃഖവും ഖേദവുമുണ്ട്. മത്സ്യത്തൊളിലാളികൾ ഇത്തരം അടിച്ചൊതുക്കലിൽ ഭയപ്പെട്ട് പിന്നോട്ടുപോകില്ലെന്നും ഫാ. യൂജിൻ പെരേര വ്യക്തമാക്കി.

Advertisement
Advertisement