മുഖ്യമന്ത്രിയ്‌ക്ക് കുടുംബ സമേതം ഉല്ലാസയാത നടത്താൻ ഖജനാവിലെ പണം ധൂർത്തടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി; വിദേശയാത്രയിൽ എന്ത് ഗുണമുണ്ടായെന്ന് കെ സുരേന്ദ്രൻ

Friday 02 December 2022 2:36 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും ലണ്ടൻ സന്ദർശനത്തിന്റെ ചെലവുകൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമർശനവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ മുഖ്യമന്ത്രിയ്‌ക്ക് കുടുംബസമേതം ഉല്ലാസയാത്ര നടത്താൻ ഖജനാവിലെ പണം ധൂർത്തടിക്കുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.


ലണ്ടനിലെ കണക്ക് മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒക്‌ടോബറിൽ മുഖ്യമന്ത്രിയും സംഘവും നടത്തിയ എല്ലാ വിദേശയാത്രയുടെയും ചെലവ് പുറത്തുവിടണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പാലിനും വെള്ളത്തിനുമടക്കം വിലകൂട്ടി ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുമ്പോഴാണ് ഈ ധൂർത്ത്.

വിദേശയാത്ര കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും കുടുംബവും മന്ത്രിമാരുമടക്കമുള്ള സംഘം ലണ്ടൻ സന്ദർശനത്തിനായി ചെലവാക്കിയത് 43.14 ലക്ഷം രൂപയാണെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ലണ്ടനിലെ യാത്രകൾക്കും ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനുമുൾപ്പടെയാണ് ഈ തുക ചെലവാക്കിയതെന്നാണ് വിവരാവകാശ നിയമപ്രകാരം ലണ്ടൻ ഹൈക്കമ്മീഷനിൽ നിന്ന് ലഭിച്ച കണക്കുകൾ പറയുന്നത്.

Advertisement
Advertisement