ഇടതു സർക്കാർ മോദിയ്ക്ക് പഠിക്കുന്നു, മാപ്പുപറയണമെന്ന് ആന്റണി രാജുവിന്റെ സഹോദരൻ, ഇതിനോട് മന്ത്രി യോജിക്കുന്നുണ്ടോയെന്ന് വി ഡി സതീശൻ

Friday 02 December 2022 3:11 PM IST

തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ സഹോദരൻ തീവ്രവാദ ബന്ധമുള്ളയാളാണോ എന്നതിൽ മന്ത്രിയും മുഖ്യമന്ത്രിയും മറുപടി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തന്റെ സഹോദരൻ അതിന് മറുപടി പറയുമെന്നാണ് മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി മോദിയ്ക്ക് പഠിക്കുകയാണെന്നും തന്നെ തീവ്രവാദിയായി ചിത്രീകരിച്ചതിൽ ഇടതുനേതാക്കൾ മാപ്പുപറയണമെന്നുമായിരുന്നു മന്ത്രിയുടെ സഹോദരന്റെ പ്രതികരണം. സഹോദരന്റെ ഈ അഭിപ്രായത്തോട് ഗതാഗത മന്ത്രി ആന്റണി രാജു യോജിക്കുന്നുണ്ടോയെന്നും വി ഡി സതീശൻ ചോദിച്ചു.

സി പി എം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒൻപത് പേരുടെ മുഖചിത്രം നൽകിയിരുന്നു. അതിൽ ഒരാൾ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണ്. ഇതിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതികരിക്കണമെന്നായിരുന്നു വി ഡി സതീശൻ ആവശ്യപ്പെട്ടത്.

അതേസമയം, വിഴിഞ്ഞം സമരത്തിൽ തീവ്രവാദ ബന്ധം ആരോപിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ദൗർബല്യം കൊണ്ടാണെന്ന് മന്ത്രി ആന്റണി രാജുവിന്റെ സഹോദരനും തീരഗവേഷകനുമായ എ ജെ വിജയൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇടതുസർക്കാർ മോദിയ്ക്ക് പഠിക്കുകയാണ്. കർഷക സമരത്തോട് നരേന്ദ്ര മോദി സർക്കാ‌ർ ചെയ്തതാണ് വിഴിഞ്ഞം സമരത്തോട് പിണറായി സർക്കാർ ചെയ്യുന്നത്. തുടക്കം മുതൽ വിഴിഞ്ഞം പദ്ധതിയെ എതിർക്കുന്നയാളാണെന്നുമാണ് വിജയൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.

സഹോദരനുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ആന്റണി രാജുവും രംഗത്തെത്തിയിരുന്നു. തന്റെ പേര് പറഞ്ഞ് ആരോപണത്തിൽ ബോധപൂർവ്വം തന്നെ ഉൾപ്പെടുത്തുകയാണ്. ഇതിന് ബന്ധപ്പെട്ടവർ തന്നെ മറുപടി പറഞ്ഞുകഴിഞ്ഞു. വിഴിഞ്ഞം സംഘർഷത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement