വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം ആസൂത്രിതം, മത്സ്യത്തൊഴിലാളികളല്ല ഇപ്പോൾ സമരത്തിൽ; വിമർശനവുമായി എം വി ഗോവിന്ദൻ

Friday 02 December 2022 3:25 PM IST

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം ആസൂത്രിതമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനാധിപത്യ സമരങ്ങൾക്ക് എതിരല്ലെന്നും അക്രമം പ്രോത്സാഹിപ്പിക്കാനാകില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.


സമരസമിതിയുടെ ആറ് ആവശ്യങ്ങൾ അംഗീകരിച്ചതാണ്.വികസനത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇപ്പോൾ സമരം ചെയ്യുന്നത് മത്സ്യത്തൊഴിലാളികളല്ല. പദ്ധതി നടപ്പാക്കാതിരിക്കാനുള്ള ഗൂഢലക്ഷ്യമാണ് സമരത്തിന് പിന്നിൽ. ഗൂഢാലോചന നടത്തിയവരെ കണ്ടെത്താൻ സർക്കാർ ശ്രമിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

മന്ത്രി അബ്ദുറഹ്മാനെതിരായ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡോഷ്യസിന്റെ പരാമർശത്തെയും എം വി ഗോവിന്ദൻ വിമർശിച്ചു. വൈദികന്റെ പരാമർശം നാക്കുപിഴയല്ലെന്നും വികൃതമായ മനസാണ് വാക്കിലൂടെ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. അബ്ദു റഹ്മാൻ എന്ന പേരിൽത്തന്നെ തീവ്രവാദിയുണ്ട് എന്നായിരുന്നു ഫാ. തിയോഡോഷ്യസിന്റെ പരാമർശം.