പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചപ്പോഴും കേന്ദ്ര സേനയെ ഇറക്കി

Saturday 03 December 2022 12:01 AM IST

തിരുവനന്തപുരം: ക്രമസമാധാനപാലനത്തിൽ പൊലീസിനെ സഹായിക്കാൻ കേന്ദ്രസേനയുടെ സഹായം തേടുന്നത് സംസ്ഥാനത്താദ്യമല്ല. ഇക്കഴിഞ്ഞ സെപ്തംബറിൽ പോപ്പുലർഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചതിനെത്തുടർന്നുണ്ടായ വ്യാപകസംഘർഷങ്ങൾ നേരിടാൻ സി.ആർ.പി.എഫിനെ വിന്യസിച്ചിരുന്നു. ആലുവയിലെ ആർ.എസ്.എസ് ഓഫീസിന് സുരക്ഷയ്ക്ക് പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിൽ നിന്നുള്ള 15സേനാംഗങ്ങളെത്തി. സോളാർ വിവാദകാലത്ത് സെക്രട്ടേറിയറ്റിന്റെ നാല് ഗേറ്റുകളും ഉപരോധിച്ച് എൽ.ഡി.എഫ് നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരം നേടിരാൻ 20കമ്പനി കേന്ദ്രസേന സർക്കാരിന്റെ ആവശ്യപ്രകാരം സംസ്ഥാനത്തെത്തിയിരുന്നു. എന്നാൽ അന്ന് പൊലീസിന്റെ പിന്നിലായാണ് വിന്യസിച്ചത്.

1992ൽ ബാബറിമസ്ജിദ് തകർക്കപ്പെട്ടതിനു പിന്നാലെയുണ്ടായ ആക്രമങ്ങൾ നേരിടാൻ മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ പട്ടാളത്തെ വിന്യസിച്ചിരുന്നു. നിയമലംഘകരെ കണ്ടാലുടൻ വെടിവയ്ക്കാൻ മലപ്പുറം കളക്ടർ ഉത്തരവിട്ടു. നയതന്ത്ര സ്വർണക്കടത്ത് കേസന്വേഷണത്തിൽ കസ്റ്റംസിനും എൻ.ഐ.എയ്ക്കും സുരക്ഷയൊരുക്കാൻ 150 സി.ആർ.പി.എഫ് ജവാന്മാരെയാണ് വിന്യസിച്ചത്. സെക്രട്ടേറിയറ്റിനു തൊട്ടടുത്തെ കസ്റ്റംസ് ഓഫീസിന്റെ സുരക്ഷയും കേന്ദ്രസേനയ്ക്ക് കൈമാറി. രാജ്ഭവന്റെ സുരക്ഷാചുമതലയും നേരത്തേ കേന്ദ്രസേനയ്ക്കായിരുന്നു. സൈനികർക്കുള്ള മെസ് കെട്ടിടം ഇപ്പോഴും രാജ്ഭവനിലുണ്ട്. വിമാനത്താവളം, തുമ്പ വി.എസ്.എസ്.സി അടക്കമുള്ളവയ്ക്ക് സുരക്ഷയൊരുക്കുന്നത് സി.ഐ.എസ്.എഫാണ്. വിഴിഞ്ഞത്ത് വർഗീയ സംഘർഷം ഉണ്ടായ മൂന്നു തവണയും കേന്ദ്രസേനയെ വിളിച്ചിരുന്നു.