ഭിന്നശേഷിക്കാർക്ക് ആനുകൂല്യം ഉറപ്പാക്കി ഉത്തരവിറക്കണം

Saturday 03 December 2022 2:03 AM IST

തിരുവനന്തപുരം : പ്രൊഫഷണൽ കോഴ്സുകളിൽ ഉൾപ്പടെ പട്ടികജാതി /പട്ടികവർഗക്കാർക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങൾക്കും ഭിന്നശേഷിക്കാർക്കും അർഹതയുള്ളതിനാൽ കാർഷിക സർവകലാശാലയ്ക്കും ഇത് ബാധകമാണെന്നും ഇക്കാര്യം വ്യക്തമാക്കി ഉടൻ ഉത്തരവിറക്കണമെന്നും രജിസ്ട്രാർക്ക് ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ നിർദ്ദേശം നൽകി.

ഭിന്നശേഷിയുള്ള മലപ്പുറം വളാഞ്ചേരി സ്വദേശി സാന്ദ്ര എം.എസ്‌സി അഗ്രിക്കൾച്ചർ കോഴ്സിന് അപേക്ഷിച്ചപ്പോൾ ബിരുദതലത്തിൽ ലഭിച്ച സ്‌കോർ 6.9 ആയതിനാൽ നിരസിച്ചു. ഇതോടെയാണ് സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിനെ സമീപിച്ചത്.പട്ടികജാതി/പട്ടികവർഗക്കാർക്ക് വേണ്ട സ്കോർ 6.5 ആയതിനാൽ അതേ ആനുകൂല്യം നൽകി വിദ്യാർത്ഥിനിക്ക് പ്രവേശനം അനുവദിക്കണമെന്നും ഉത്തരവിട്ടു.

ഉത്തരവിന്റെ പകർപ്പ് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടെയും രജിസ്ട്രാർമാർ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, പ്രവേശന പരീക്ഷാ കമ്മീഷണർ എന്നിവർക്ക് അയക്കാനും കമ്മീഷണർ നിർദ്ദേശിച്ചു.

ഡൽഹി ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റിയും അൻമോൾ ബണ്ഡാരിയും തമ്മിലുള്ള കേസിലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി.

Advertisement
Advertisement