നന്ദനയ്‌ക്ക് സ്‌കൂളിൽ പോകാൻ വീൽചെയർ ഉരുളുന്ന വഴി വേണം

Saturday 03 December 2022 12:52 AM IST

ഇന്ന് ലോക ഭിന്നശേഷി ദിനം

പത്തനംതിട്ട : അടുത്ത വർഷം പത്താം ക്ളാസി​ലാണ്. ഇനി​യെങ്കി​ലും തുടർച്ചയായി​ സ്കൂളി​ൽ പോയി​ പഠി​ക്കണം. ജന്മനാ അരയ്‌ക്ക് താഴെ ചലനശേഷി​ ഇല്ലാത്ത നന്ദനയുടെ ആഗ്രഹം.

നാരങ്ങാനം ചന്ദ്രത്ത്പടിയിലെ കുന്നിൻ മുകളിലെ വീട്ടിൽ നിന്ന് സ്‌കൂളിലേക്കുള്ള ടാർ വഴി​യി​ൽ എത്തുക വലിയ കടമ്പയാണ്. അര കിലോമീറ്റർ ഇറക്കം. പോരാത്തത്തി​ന് കുണ്ടും കുഴിയും. വീൽചെയർ ഉരുളാത്ത വി​ധം കല്ലും മണ്ണും. വീൽചെയറിലി​രുത്തി​ നാല് പേർ എടുത്ത് വേണം താഴെ വാഹനസൗകര്യമുള്ള റോഡിലെത്തി​ക്കാൻ. അവിടെ നിന്ന് രണ്ട് കിലോമീറ്റർ സഞ്ചരി​ക്കണം നാരങ്ങാനം ഗവ.ഹൈസ്കൂളി​ലെത്താൻ. മൂന്ന് വർഷം മുമ്പ് വരെ ഓട്ടോറിക്ഷ തൊഴിലാളിയായ പി​താവ് കുറിയനേത്ത് പടിയിൽ മനോജ് ആയി​രുന്നു നന്ദനയുടെ കരുത്ത്. മനോജി​ന്റെ ഒക്കത്തി​രുന്നു കുന്നി​റങ്ങി​ ഓട്ടോറിക്ഷയിൽ സ്കൂളിലെത്തുമായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് മനോജിന് ആൻജിയോപ്ലാസ്റ്റിയും ബൈപ്പാസ് സർജറിയും വേണ്ടി​വന്നതോടെ

കുടുംബത്തിന്റെ കാര്യവും നന്ദനയുടെ സ്കൂളിൽ പോക്കും കഷ്ടത്തിലായി. അച്ഛനും നന്ദനയ്ക്കും വയ്യാത്തതിനാൽ അമ്മ ശ്രീവിദ്യക്ക് പണി​ക്ക് പോകാനും കഴിയുന്നി​ല്ല. ഇപ്പോൾ അത്യാവശ്യ കാര്യങ്ങൾക്ക് നന്ദനയെ സ്കൂളിൽ എത്തിക്കുന്നതും തിരികെ വീട്ടിലാക്കുന്നതും സഹപാഠികളും ഭിന്നശേഷി കുട്ടികളുടെ അദ്ധ്യാപിക (സ്പെഷ്യൽ എഡ്യൂക്കേറ്റർ) പ്രിയ പി.നായരും ചേർന്നാണ്.

നന്ദനയ്‌ക്ക് പാചകം ഇഷ്ടമാണ്. വീൽചെയറിലിരുന്നാണ് പാചകം. പ്രവൃത്തിപരിചയ മേളയിൽ ഉപജില്ലയിൽ ഇക്കണോമിക് ന്യൂട്രീഷൻ ഫുഡ് ഐറ്റംസ് ആൻഡ് വെജിറ്റബിൾസിൽ ഒന്നാം സ്ഥാനവും ജില്ലയിൽ മൂന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.

അനിയത്തി കീർത്തന, നന്ദനയുടെ സ്കൂളിൽ തന്നെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. സുമനസുകളുടെ സഹായത്താലാണ് കുടുംബം മുന്നോട്ടുപോകുന്നത്.

നല്ല വഴി​ വേണം

മന്ത്രി​ വീണാജോർജിന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് രണ്ടുവർഷം മുമ്പ് ചന്ദ്രത്ത്പടിയി​ലേക്കുള്ള വഴി​ക്കായി​ നാല് ലക്ഷം രൂപ അനുവദിച്ചിരുന്നു. റോഡ് പഞ്ചായത്തിന്റെ ആസ്തി രജി​സ്റ്ററി​ൽ ഉൾപ്പെടാഞ്ഞതി​നാൽ തുക വിനിയോഗിക്കാനായി​ല്ല. സ്കൂൾ അധികൃതരും സ്പെഷ്യൽ എഡ്യൂക്കേറ്ററും പഞ്ചായത്തിൽ അപേക്ഷ നൽകി റോഡ് ആസ്തി രജി​സ്റ്ററി​ൽ ഉൾപ്പെടുത്തി. ഇപ്പോൾ റോഡിനായുള്ള കാത്തിരിപ്പിലാണ് ഈ കുടുംബം.

"പഠിക്കാനും പാഠ്യേതര കാര്യങ്ങളിലും മിടുക്കിയായ നന്ദനയ്ക്ക് സ്കൂളിലെത്തി പഠിക്കാൻ അവസരമൊരുക്കണം. ആഴ്ചയിലൊരി​ക്കലാണ് വീട്ടിലെത്തി പഠിപ്പിക്കാൻ കഴി​യുക.

പ്രി​യ പി. നായർ

(ബി.ആർ.സി അദ്ധ്യാപിക)