ഗവർണറും മുഖ്യമന്ത്രിയും നടത്തിയത് കൊടുക്കൽ വാങ്ങലുകൾ: സതീശൻ

Saturday 03 December 2022 12:08 AM IST

കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി നേതാക്കൾക്ക് വേണ്ടി 2021 ജൂൺ 10നയച്ച കത്ത് ഒന്നര വർഷം ഒളിപ്പിച്ച് ഗവർണറും മുഖ്യമന്ത്രിയും കൊടുക്കൽ വാങ്ങലുകൾ നടത്തിയതായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു. കുഴൽപ്പണ കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ ഉൾപ്പെടെ ഒഴിവാക്കി.പകരമായി സ്വർണക്കടത്ത്,ലൈഫ് മിഷൻ കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുഖ്യമന്ത്രിയിലേക്കോ മന്ത്രിമാരിലേക്കോ എത്താതെ ഒത്തുതീർപ്പാക്കിയതിന് ഇടനിലക്കാരനായി ഗവർണർ പ്രവർത്തിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണം.സ്വർണക്കടത്തിൽ നിന്നു രക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നൽകിയ കത്ത് ഗവർണർ എന്ന് പുറത്തുവിടുമെന്നാണിനി അറിയാനുള്ളത്.ആർച്ച് ബിഷപ്പിനും സഹായമെത്രാനുമെതിരെ കേസെടുത്ത് സമരക്കാരെ പ്രകോപിപ്പിച്ച്, അദാനി നൽകിയ കേസ് കോടതിയിലെത്തുമ്പോൾ കലാപമാണെന്ന് വരുത്താൻ അദാനി പോർട്ടും മുഖ്യമന്ത്രിയും ഗൂഡാലോചന നടത്തിയെന്നും അദ്ദേഹം പറഞ്ഞു.