സ്വർണം, വെള്ളി വില മേലോട്ട്
Saturday 03 December 2022 2:26 AM IST
കൊച്ചി: ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം സ്വർണം, വെള്ളി വിലകൾ വീണ്ടും കുത്തനെ ഉയരുന്നു. സംസ്ഥാനത്ത് സ്വർണവില പവന് ഇന്നലെ 400 രൂപ ഉയർന്ന് 39,400 രൂപയായി. 50 രൂപ വർദ്ധിച്ച് 4,925 രൂപയാണ് ഗ്രാംവില. കഴിഞ്ഞ ഏപ്രിലിന് ശേഷം സംസ്ഥാനത്ത് സ്വർണവില കുറിക്കുന്ന ഏറ്റവും ഉയരമാണിത്. കഴിഞ്ഞവാരം ഗ്രാമിന് 66-67 രൂപയായിരുന്ന വെള്ളിവില ഇന്നലെ 70 രൂപയായി.
രാജ്യാന്തര വിപണിയിലെ വിലവർദ്ധന, ഓഹരികളുടെ തളർച്ച, മറ്റ് മുൻനിര കറൻസികൾക്കെതിരെ ഡോളർ ഇൻഡക്‌സിലെ ഇടിവ് എന്നിവയാണ് സ്വർണവില വർദ്ധനയ്ക്ക് മുഖ്യകാരണങ്ങൾ. നാണയപ്പെരുപ്പ ഭീഷണി കുറയുന്നതിനാൽ പലിശനിരക്ക് വർദ്ധനയുടെ ആക്കംകുറയ്ക്കുമെന്ന അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ മേധാവി ജെറോം പവലിന്റെ പ്രസ്താവനയാണ് ഡോളറിന് തിരിച്ചടിയായത്.