വിഴിഞ്ഞത്ത്  കേന്ദ്ര കാവൽ, സമ്മതമെന്ന് സർക്കാർ കോടതിയിൽ, സമരം നേരിടാൻ സി.ആർ.പി.എഫ്, ക്രമസമാധാനം പൊലീസിന്

Saturday 03 December 2022 12:21 AM IST


കേന്ദ്രവുമായി ചർച്ചചെയ്ത് തീരുമാനിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സുരക്ഷയൊരുക്കാൻ

കേന്ദ്രസേനയെ വിന്യസിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിക്കുകയും സി.പി.എം സംസ്ഥാന നേതൃത്വം പിന്തുണയ്ക്കുകയും ചെയ്തതോടെ പദ്ധതി സേനയുടെ കാവലിൽ നടപ്പാക്കാൻ സാഹചര്യമൊരുങ്ങി.

പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസേനയുടെ നിയന്ത്രണം ആർക്കെന്നതിൽ കോടതിയുടെ നിലപാട് നിർണായകമാവും. സംസ്ഥാനത്തെ ഉന്നത പൊലീസ് ഓഫീസർക്കാവണം നിയന്ത്രണം എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതാണ് പതിവ്.

പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് പിന്നാലെ അദാനി ഗ്രൂപ്പ് കോടതിയിൽ എത്തിയപ്പോൾ, സർക്കാർ ബോധിപ്പിച്ചത് കേന്ദ്രസേന വന്നാലും സ്ഥിതി മാറില്ലെന്നും അതിനാൽ ആവശ്യമില്ലെന്നുമായിരുന്നു. ആ നിലപാടാണ് മാറ്റിയത്. പൊലീസ് പ്രകോപനപരമായി നീങ്ങിയിരുന്നെങ്കിൽ ഏറെ മരണങ്ങൾ സംഭവിക്കുമായിരുന്നു എന്ന് ബോധിപ്പിച്ചുകൊണ്ടാണ് സർക്കാർ കേന്ദ്രസേന വരുന്നതിനെ അനുകൂലിച്ചത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചർച്ച നടത്തി തീരുമാനം അറിയിക്കാനാണ് ജസ്റ്റിസ് അനു ശിവരാമൻ ഇന്നലെ നിർദ്ദേശിച്ചത്. ക്രമസമാധാന ചുമതല പൊലീസിനാണെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമര സമിതി പ്രഖ്യാപിച്ചതോടെ കേന്ദ്രസേനയുടെ ശക്തമായ സാന്നിദ്ധ്യം അനിവാര്യമാവും. പാറയും മറ്റും കടൽമാർഗ്ഗം കൊണ്ടുവന്ന് സംഭരിച്ചിരിക്കുന്നത് മുപ്പത് കിലോമീറ്ററിലേറെ അകലെ മത്സ്യത്തൊഴിലാളി കേന്ദ്രമായ അഞ്ചുതെങ്ങിലാണ്. അവിടെ നിന്ന് ഇവ വിഴിഞ്ഞത്ത് എത്തിക്കാനും കേന്ദ്രസേനയുടെ സംരക്ഷണം വേണ്ടിവരും. സമരക്കാർ ഇപ്പോഴും സജീവമാണെന്ന് അദാനി ഗ്രൂപ്പ് കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സർക്കാർ കോടതിയിൽ

തുറമുഖ മേഖലയുടെ സംരക്ഷണം കേന്ദ്രസേന ഏറ്റെടുക്കുന്നതിൽ എതിർപ്പില്ല

മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്രസേനയ്ക്ക് ചുമതല ഏറ്റെടുക്കാം

ക്രമസമധാനം ഉറപ്പാക്കാൻ കഴിയുന്നതെല്ലാം പൊലീസ് ചെയ്യും

കേന്ദ്രത്തിന് കത്തെഴുതണം

കേന്ദ്രസേനയെ വിളിക്കാനുള്ള സർക്കാർ തീരുമാനം അറിയിച്ച്, ചീഫ്സെക്രട്ടറിയോ ആഭ്യന്തരസെക്രട്ടറിയോ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകണം.

സി.ആർ.പി.എഫിനെയാണ് അയയ്ക്കാറുള്ളത്. തിരുവനന്തപുരം പള്ളിപ്പുറത്തെ ക്യാമ്പിൽ നിന്നെത്താൻ സൗകര്യം.

ക്രമസമാധാനചുമതലയുള്ള പൊലീസുദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്നതാണ് കീഴ്‌വവഴക്കം.

വിഴിഞ്ഞത്ത് കേന്ദ്രസേന

ഇറങ്ങുന്നത് നാലാം വട്ടം

1992:ജൂലായിൽ പൂന്തുറകലാപം നേരിടാൻ. ആഭ്യന്തരമന്ത്രിയുടെ ചുമതലയുണ്ടായിരുന്ന സി.വി.പദ്മരാജനാണ് വരുത്തിയത്. മുഖ്യമന്ത്രി കെ.കരുണാകരൻ അമേരിക്കയിൽ ചികിത്സയിലായിരുന്നു

1995: എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ വർഗീയ സംഘർഷം.ആകാശത്തേക്ക് വെടിവയ്‌പ്. കേന്ദ്രസേന രംഗത്ത്

1996: വർഗീയ സംഘർഷത്തിൽ മൂന്നു മരണം. സി.ആർ.പി.എഫിനെ വിളിച്ചു.

വനിതാ ദ്രുതകർമ്മസേനയടക്കം എത്തി. സെക്രട്ടേറിയറ്റിലും കേന്ദ്രസേനയെ വിന്യസിച്ചു.

Advertisement
Advertisement