സൗജന്യ ചികിത്സാ സഹായം ഇരട്ടിയാക്കി:വീണാ ജോർജ്

Saturday 03 December 2022 12:28 AM IST

ഭിന്നശേഷി സൗഹൃദ അംഗത്വ കാർഡ് പുറത്തിറക്കി


തിരുവനന്തപുരം: സംസ്ഥാനത്ത് കാസ്‌പ് പദ്ധതിവഴി ഇരട്ടിയാളുകൾക്ക് സൗജന്യ ചികിത്സാ സഹായം നൽകിയെന്ന് മന്ത്രി വീണാ ജോർജ്. ഭിന്നശേഷിക്കാർക്കായുള്ള രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ കാസ്പ് അംഗത്വ കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 2020ൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി രൂപീകരിച്ചപ്പോൾ ആദ്യം 700 കോടി രൂപയും കഴിഞ്ഞ വർഷം 1400 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി വിനിയോഗിച്ചത്. അതിൽ 138 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ബാക്കി തുക സംസ്ഥാന സർക്കാരാണ് വഹിച്ചത്.കൂടുതൽ ആശുപത്രികളെ എംപാനൽ ചെയ്യുകയും സർക്കാർ ആശുപത്രികളിൽ കാസ്പ് പദ്ധതി നടപ്പിലാക്കിയുമാണ് കൂടുതൽ പേർക്ക് സഹായമെത്തിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

എസ്.എച്ച്.എ എക്‌സി.ഡയറക്ടർ ഡോ.രത്തൻ ഖേൽക്കർ,മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.തോമസ് മാത്യു,ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷി,ഹൈദരാബാദ് എ.എസ്.സി.ഐ ഡയറക്ടർ ഡോ.സുബോധ് കണ്ടമുത്തൻ,എസ്.എച്ച്.എ ജോ.ഡയറക്ടർ ഡോ.ബിജോയ്,മാനേജർ സി.ലത്തീഫ് എന്നിവർ പങ്കെടുത്തു.

ബ്രയിൽ ലിപിയിൽ ഇൻഷ്വറൻസ് കാർഡ്

സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കണ്ടെത്തിയ കാഴ്‌ച പരിമിതരായ കാസ്പ് ഗുണഭോക്താക്കൾക്ക് ബ്രയിൽ ഭാഷയിലുള്ള കാർഡാണ് മന്ത്രി വിതരണം ചെയ്തത്. രാജ്യത്താദ്യമായാണ് കാഴ്ച പരിമിതർക്ക് ഇൻഷ്വറൻസ് കാർഡ് പുറത്തിറക്കുന്നതെന്നും മന്ത്രി പറഞ്ഞു.32 ആശുപത്രികളിൽ സ്ഥാപിച്ച ഡിജിറ്റൽ ഹോർഡിംഗുകളുടെ സ്വിച്ച് ഓൺ കർമ്മം,കാസ്‌പ് കാർഡ് ബ്രോഷർ പ്രകാശനം,സൈൻ ഭാഷയിൽ തയ്യാറാക്കിയ പദ്ധതിയെ കുറിച്ചുള്ള വീഡിയോ പ്രകാശനം,കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എന്നിവയും മന്ത്രി നിർവഹിച്ചു.

Advertisement
Advertisement