ഇയർബുക്ക് പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

Saturday 03 December 2022 12:52 AM IST

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാക്കിയ പ്രഥമ ഇയർബുക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ രാജ്ഭവനിൽ പ്രകാശനം ചെയ്തു.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ,സെക്രട്ടറി എ.സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

ഭരണഘടനാ വ്യവസ്ഥകളെകുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി കർമ്മപരിപാടികൾ ആവിഷ്‌കരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ മുൻകൈയ്യെടുക്കണമെന്നും തദ്ദേശപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും അയോഗ്യത സംബന്ധിച്ച് ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും ഗവർണർ പറഞ്ഞു.1993 ഡിസംബർ മൂന്നിന് നിലവിൽ വന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ 30-ാം സ്ഥാപനദിനത്തോടനുബന്ധിച്ചാണ് ഇയർബുക്ക് തയ്യാറാക്കിയത്.സംസ്ഥാനത്തെ 1200 തദ്ദേശസ്ഥാപനങ്ങളിലെ 21900 വാർഡുകളിലെ തിരഞ്ഞെടുപ്പ്,തദ്ദേശ ഭരണത്തിന്റെ വികാസ പരിണാമം,ജനപ്രതിനിധികളുടെ വിവരങ്ങൾ,കോടതിവിധികൾ,തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച തീരുമാനങ്ങൾ, ഡയറക്ടറി,ഭരണഘടനാവ്യവസ്ഥകൾ,നിയമങ്ങളിലെ പ്രസക്ത വകുപ്പുകൾ,കഴിഞ്ഞ വർഷങ്ങളിലെ പ്രധാന സംഭവങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ഇയർബുക്കിലുള്ളത്.