കൊറിയൻ നിറചിരി

Saturday 03 December 2022 1:56 AM IST
korea

പോർച്ചുഗലിനെ അട്ടിമറിച്ച് ദക്ഷിണകൊറിയ പ്രീക്വാർട്ടറിൽ


ദോഹ: ഫുട്ബാളിൽ അസാധ്യമായതൊന്നുമില്ലെന്ന് തെളിയിച്ച് ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർച്ചുഗലിനെ ഇൻജുറി ടൈമിൽ നേടിയ ഗോളിൽ അട്ടിമറിച്ച് ദക്ഷിണ കൊറിയ ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് തലയുയർത്തി മുന്നേറി. നേരത്തെ തന്നെ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്ന പോർച്ചുഗലിനെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ട് ഗോൾ തിരിച്ചടിച്ച് കൊറിയ ഏഷ്യൻ കരുത്ത് വാനോളമുയർത്തി നോക്കൗട്ട് ഉറപ്പിച്ചത്. റിക്കാർഡോ ഹോർത്തയിലൂടെ 5-ാം മിനിട്ടിൽ മുന്നിലെത്തിയ പോർച്ചുഗലിനെതിരെ 27-ാംമിനിട്ടിൽ കിം യംഗ് ഗ്വൺ നേടിയ ഗോളിലാണ് കൊറിയ ഒപ്പമെത്തിയത്. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കെ രണ്ടാം പകുതിയുടെ അധിക സമയത്ത് 92-ാം മിനിട്ടിൽ ഹ്വാങ് ഹി ചാൻ കൊറിയയുടെ വീരനായകനാവുകയായിരുന്നു.

മത്സരം തുടങ്ങി അഞ്ച് മിനിട്ടിനകം തന്നെ കൊറിയയെ ഞെട്ടിച്ച് പോർച്ചുഗൽ ലീഡെടുത്തു. ഡാലോട്ടിന്റെ മികച്ചൊരു പാസാണ് ഹോർത്ത നല്ലൊരു ഫിനിഷിലൂടെ ഗോളാക്കിയത്. തുടർന്ന് തിരിച്ചടിക്കാൻ വിംഗിലൂടെ കൊറിയ ആക്രമണം കനപ്പിച്ചു. 18-ാം മിനിട്ടിൽ കൊറിയ പോർച്ചുഗൽ വലകുലുക്കിയെങ്കിലും ഓഫ് സൈഡായി. 27-ാം മിനിട്ടിൽ കോർണറിൽ നിന്ന് കിട്ടിയ പന്ത് അനായാസം ഗോളാക്കി കിം കൊറിയക്ക് സമനില സമ്മാനിച്ചു. ജയിച്ചാൽ മാത്രമേ പ്രീക്വീർട്ടറിലെത്തൂവെന്ന് അറിയാമായിരുന്ന കൊറിയ രണ്ടാം പകുതിയിൽ മുന്നേറ്റത്തിന്റെ മൂർച്ച കൂട്ടി. ഒടുവിൽ അതിന് പ്രതിഫലമായി 92-ാം മിനിട്ടിൽ സണ്ണിന്റെ പാസിൽ നിന്ന് ചാൻ കൊറിയ കാത്തിരുന്ന ഗോളും ജയവും ഉറപ്പിച്ചു. ക്രിസ്റ്റ്യാനൊ റൊണാൾഡോ കളിക്കില്ലെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും താരം കളത്തിലിറങ്ങി.

Advertisement
Advertisement