മലബാർ പര്യടന വിവാദം കെട്ടടങ്ങുംമുൻപേ തരൂർ ഇന്ന് കോട്ടയത്ത്, യൂത്ത് കോൺഗ്രസ് മഹാസമ്മേളനം ഉദ്ഘാടനം ചെയ്യും

Saturday 03 December 2022 7:54 AM IST

കോട്ടയം: മലബാർ പര്യടനത്തിന്റെ അപ്രഖ്യാപിത വിലക്കും വിവാദങ്ങളും കെട്ടടങ്ങുംമുൻപേ ശശി തരൂർ എം പി ഇന്ന് കോട്ടയത്ത് പര്യടനം നടത്തുന്നു. പാലായിൽ സംഘടിപ്പിച്ചിരിക്കുന്ന കെ എം ചാണ്ടി അനുസ്‌മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിലുമാണ് തരൂർ പങ്കെടുക്കുന്നത്. പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെയും സന്ദർശിക്കും.

അതേസമയം, പരിപാടിയെക്കുറിച്ച് അറിയിക്കാത്തതിനാൽ തരൂരിനൊപ്പം യൂത്ത് കോൺഗ്രസ് വേദിയിൽ എത്തില്ലെന്നാണ് ഡി സി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചിരിക്കുന്നത്. കെ പി സി സി അച്ചടക്കസമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂ‌ർ രാധാകൃഷ്ണനും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടരുന്നതിനിടെ കൊച്ചിയിൽ നടന്ന ആൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് കോൺക്ളേവിൽ ശശി തരൂർ, കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ പങ്കെടുത്തത് ഏറെ ശ്രദ്ധനേടിയിരുന്നു. കോൺക്ളേവ് ഓൺലൈനായി ഉദ്ഘാടനം ചെയ്തത് കെ സുധാകരനായിരുന്നു. തരൂരിന്റെ അഭാവത്തിൽ സംസാരിച്ച വി ഡി സതീശനും തരൂരുമായി ഏറ്റുമുട്ടലിന്റെ പാത ഒഴിവാക്കിയിരുന്നു. തരൂരിന്റെ മലബാർ പര്യടന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മൂന്ന് നേതാക്കളുമെത്തിയ പ്രൊഫഷണൽസ് കോൺഗ്രസ് കോൺക്ളേവ് 'ഡീകോഡ്' ശ്രദ്ധാകേന്ദ്രമായത്.