അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം, ആദിവാസി യുവാവ് കൊല്ലപ്പെട്ടു

Saturday 03 December 2022 8:20 AM IST

പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഊത്തുക്കുഴി ഊരിലെ ലക്ഷ്മണൻ (45) ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. വീടിന് പുറത്തിറങ്ങുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാനയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. നാല് മാസത്തിനിടെ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന നാലാമത്തെയാളാണ് ലക്ഷ്മണൻ.

അട്ടപ്പാടിയിൽ രണ്ട് മാസം മുൻപുണ്ടായ കാട്ടാന ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. പുതൂർ പഞ്ചായത്തിലെ ദൊഡ്ഡുഗട്ടിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ദൊഡ്ഡുഗട്ടി സ്വദേശികളായ മുരുകേശൻ, സെൽവൻ, പഴനി സ്വാമി, പണലി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ടു ബൈക്കുകളിൽ സഞ്ചരിച്ചിരുന്ന ഇവരെ ഊരിന് സമീപം ഇറങ്ങിയ കാട്ടാന ആക്രമിക്കുകയായിരുന്നു.