കുതിപ്പ് തുടർന്ന് സ്വർണവില
Sunday 04 December 2022 3:16 AM IST
കൊച്ചി: ആഭരണപ്രേമികളെ ആശങ്കപ്പെടുത്തി സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി ഉയരുന്നു. പവന് 160 രൂപ ഉയർന്ന് ഇന്നലെ വില 39,560 രൂപയായി. 20 രൂപ വർദ്ധിച്ച് 4,945 രൂപയാണ് ഗ്രാംവില. കഴിഞ്ഞ എട്ടുമാസത്തിനിടെ സംസ്ഥാനത്ത് സ്വർണവില രേഖപ്പെടുത്തുന്ന ഏറ്റവും ഉയരമാണിത്.
വെള്ളിയാഴ്‌ച പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കൂടിയിരുന്നു. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തരവിപണിയെ സ്വാധീനിക്കുന്നത്. ഔൺസിന് കഴിഞ്ഞദിവസം 1,741.09 ഡോളർവരെ താഴ്‌ന്ന രാജ്യാന്തവില 1,803.90 വരെ ഉയർന്നിരുന്നു. ഡോളർ, കടപ്പത്ര യീൽഡ് എന്നിവയുടെ ഇടിവാണ് സ്വർണത്തിന് നേട്ടമാകുന്നത്.