ദേശീയ അവാർഡ് നഷ്ടപ്പെട്ടത് കൈയെത്തും ദൂരത്ത്

Sunday 04 December 2022 12:57 AM IST

തിരുവനന്തപുരം: 2015ലെ ദേശീയ അവാർഡ് നി‌ർണയം അവസാന റൗണ്ടിലെത്തിയപ്പോൾ മികച്ച നടനുള്ള മത്സരത്തിൽ അമിതാഭ് ബച്ചൻ, സമുദ്രക്കനി തുടങ്ങിയവർക്കൊപ്പം നമ്മുടെ കൊച്ചുപ്രേമനും. എം.ബി. പദ്മകുമാർ സംവിധാനം ചെ്യത 'രൂപാന്തരം" എന്ന സിനിമ കണ്ട അന്നത്തെ ജൂറി ചെയർമാൻ രമേശ് സിപ്പി ഉൾപ്പെടെയുള്ളവർ കൊച്ചു പ്രേമന്റെ സൂക്ഷ്മാഭിനയംകണ്ട് അമ്പരന്നു. അന്ന് ജൂറിയിലുണ്ടായിരുന്ന മലയാളി സംവിധായകൻ ശ്യാമ പ്രസാദിനോടു ചോദിച്ചു ആരാണ് ഈ നടൻ ?

ചെറിയ കോമഡി വേഷങ്ങളിലൂടെ മുൻനിരയിലെത്തിയ അപാര റെയ്‌ഞ്ചുള്ള നടനാണ് കൊച്ചു പ്രേമൻ എന്നായിരുന്നു ശ്യാമപ്രസാദിന്റെ മറുപടി. 11 അംഗ ജൂറി കൂട്ടിയും കിഴിച്ചുമൊക്കെ വിലയിരുത്തി കഴിഞ്ഞപ്പോൾ മികച്ച നടനായത് 'പികു"വിലെ അഭിനയത്തിന് അമിതാഭ് ബച്ചൻ. ജൂറി തീരുമാനം ബോളിവുഡ് സൂപ്പർസ്റ്റാറിലേക്കു പോകാതെ കൊച്ചു പ്രേമനിലേക്ക് എത്തിയിരുന്നെങ്കിൽ നാടക നടനത്തിലൂടെ അഭിനയ സിദ്ധി ഊതിക്കാച്ചി ഉറപ്പിച്ചെടുത്ത കൊച്ചുപ്രേമനുള്ള വലിയ അംഗീകാരമാകുമായിരുന്നു. ''അതുവരെ അഭിനയിച്ച സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രേമനിൽ നിന്നു പ്രതീക്ഷിക്കാത്ത വേഷമായിരുന്നു രൂപാന്തരത്തിലെ അന്ധ വൃദ്ധന്റേത്. അദ്ദേഹത്തിലെ അഭിനയ പ്രതിഭ വെളിപ്പെട്ടപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടു.""- ശ്യാപ്രസാദ് ഓ‌ർത്തു.

കാമറയ്ക്കു മുന്നിൽ മാത്രമല്ല, ലൊക്കേഷനിൽ എത്തുമ്പോൾ മുതൽ കൊച്ചുപ്രേമൻ രാഘവൻ എന്ന അന്ധനായി ജീവിക്കുകയായിരുന്നുവെന്ന് സംവിധായകൻ എം.ബി. പദ്മകുമാർ. ''തിരുവനന്തപുരത്തെ രാജാജി നഗറിലായിരുന്നു ലൊക്കേഷൻ. സാധാരണ തമാശ പറഞ്ഞ് ലൊക്കേഷനിലേക്കെത്തുന്ന പ്രേമൻ ചേട്ടനെ അവിട കണ്ടില്ല. എപ്പോഴും കഥാപാത്രത്തിന്റെ ഗൗരവം. സ്ക്രിപ്ട് വായിക്കും. കാമറയ്ക്കു മുന്നിൽ അന്ധനായി അഭിനയിക്കുന്നതിനു പകരം കണ്ണുകളിൽ വെള്ള ലെൻസ് വച്ച് പൂർണമായി അന്ധനായി മാറുകയായിരുന്നു. ഒപ്പം അഭിനയിക്കുന്നവരുടെ ചലനം സംബന്ധിച്ച് സ്ക്രിപ്ടിലെ അറിവ് മാത്രം വച്ച് അഭിനയിച്ചു. തിരക്കേറിയ റോഡ് മുറിച്ചു കടക്കുന്ന സീൻ ഉൾപ്പെടെ ചിത്രീകരിച്ചത് ഇങ്ങനെയായിരുന്നു.""- പദ്മകുമാർ പറഞ്ഞു.

ആ വർഷത്തെ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ വിദേശ സംവിധായകർ ഉൾപ്പെടെയുള്ളവ‌ർ കൊച്ചുപ്രേമനെ നേരിട്ട് ആഭിനന്ദനം അറിയിച്ചു.

സിനിമ നിരവധി അന്താരാഷ്ട്ര മേളകളിൽ ചർച്ചയായി. പക്ഷേ, സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചില്ല. ഒരിക്കൽ കൊച്ചു പ്രേമൻ പറഞ്ഞു: ''രൂപാന്തരങ്ങളിൽ ഞാൻ നായകനാണെന്നു പറഞ്ഞപ്പോൾ പലരും ഞെട്ടി. എന്താ ഞാൻ നായകനായാൽ പറ്റില്ലേ എന്ന് ഞാൻ ചോദിച്ചു. പടം കണ്ടതിനു ശേഷമാണ് നായകനാകാനും പറ്റും എന്നൊരു ബോദ്ധ്യം അവർക്കുണ്ടായത്."" ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിൽ കൊച്ചുപ്രേമനും വന്നു. പക്ഷേ,​ കേരള സർക്കാർ ആ പടത്തെ തഴഞ്ഞുകളഞ്ഞു. ക്രൂരവും ദയനീയവുമായിരുന്നു അത്.

Advertisement
Advertisement