സാമൂഹിക വളർച്ചയ്ക്ക് സംരംഭകത്വം അനിവാര്യം: മന്ത്രി ഡോ.പളനിവേൽ

Sunday 04 December 2022 3:57 AM IST

കൊച്ചി: സമൂഹത്തിലെ എല്ലാവിഭാഗങ്ങളുടെയും ഉന്നമനത്തിന് സംരംഭകത്വം അനിവാര്യമാണെന്ന് തമിഴ്നാട് ധനമന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ പറഞ്ഞു. കൊച്ചി ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ സംരംഭകത്വ സമ്മേളനമായ ടൈകോൺ കേരള-2022ന്റെ സമാപനദിവസമായ ഇന്നലെ നടന്ന ടൈ അവാർഡ് ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമ്പദ്‌വ്യവസ്ഥയുടെ നിയന്ത്രണം നേടുംവിധമുള്ള ലക്ഷക്കണക്കിന് സംരംഭകർ നമുക്ക് വേണം. കേരളവും തമിഴ്നാടും താരതമ്യേന സമ്പത്തുള്ള സംസ്ഥാനങ്ങളാണ്. പണമല്ല, ഭരണതലത്തിലും നിർവഹണത്തിലും കാര്യക്ഷമതയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജസ്‌റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ടൈ കേരള പ്രസിഡന്റ് അനീഷ ചെറിയാൻ, ടൈ കേരള അവാർഡ്സ് ചെയർ വിവേക് കൃഷ്‌ണ ഗോവിന്ദ്, ടൈകോൺ കേരള ചെയർമാൻ ദാമോദർ അവനൂർ, ടൈ ഗ്ളോബൽ ബോർഡ് ചെയർമാൻ ബി.ജെ.അരുൺ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.

ജിയോജിത്ത് സ്ഥാപകനും മാനേജിംഗ് ഡയറക്‌ടറുമായ സി.ജെ.ജോർജ്ജ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഏറ്റുവാങ്ങി. സ്റ്റാർട്ടപ്പ് ഒഫ് ദി ഇയർ സെനു സാം (മൈകെയർ), സ്കെയിൽ അപ്പ് ഒഫ് ദി ഇയർ അഹർഷ് എം.എസ് (അക്യുബിറ്റ്സ്), ഈ വർഷത്തെ സംരംഭകൻ വി.കെ.സി നൗഷാദ് (വാക്കാറൂ), നെക്സ്റ്റ് ജെൻ സംരംഭകൻ അശോക് മണി (കിച്ചൻ ട്രഷേഴ്‌സ്), ഇന്നവേറ്റർ ഒഫ് ദി ഇയർ അനൂപ് മോഹൻ (പ്രേമാജിക്), സോഷ്യൽ ഇംപാക്ടർ ഒഫ് ദ ഇയർ നൗറീൻ ആയിഷ (ഫെമിസേഫ്), ഇക്കോസിസ്റ്റം എനേബ്ലർ വിമൻ എന്റർപ്രണർഷിപ്പ് നെറ്റ്‌വർക്ക് എന്നിവരാണ് മറ്റ് പുരസ്‌കാര ജേതാക്കൾ.

 ഫോട്ടോ:

ടൈ കേരള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജിയോജിത്ത് സ്ഥാപകനും മാനേജിംഗ് ഡയറക്‌ടറുമായ സി.ജെ.ജോർജ്ജ് തമിഴ്നാട് ധനമന്ത്രി ഡോ.പളനിവേൽ ത്യാഗരാജനിൽ നിന്ന് ഏറ്റുവാങ്ങുന്നു.

Advertisement
Advertisement