'നഷ്ടമായത് അഞ്ച് പതിറ്റാണ്ടായുള്ള സുഹൃത്തിനെ'

Sunday 04 December 2022 12:34 AM IST

തിരുവനന്തപുരം: 'ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തയാളാണ് വിട്ടു പോയിരിക്കുന്നത്. എത്രയെത്ര നാടകങ്ങളിൽ ഞാൻ പാടുകയും അവൻ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് "- വലിയവിളയിലെ ചിത്തിര എന്ന കൊച്ചുപ്രേമന്റെ വീട്ടിൽ മരണമറിഞ്ഞെത്തിയ തിരുമല ഷാഹുൽ ഹമീദെന്ന 74കാരന്റെ വാക്കുകളാണിത്. ഗായകൻ നജീം അർഷാദിന്റെ പിതാവാണ് ഷാഹുൽ ഹമീദ്. 1960കളുടെ അവസാനത്തിലാണ് ഷാഹുൽ ഹമീദും കൊച്ചുപ്രേമനും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. കൊച്ചുപ്രേമന്റെ സഹോദരൻ കെ.എസ്.വിജയകുമാർ എഴുതുന്ന പാട്ടുകൾ നാടകങ്ങളിൽ പിന്നണിയിൽ പാടിയിരുന്നത് ഷാഹുലായിരുന്നു. നാടക റിഹേഴ്സലുകളിലും ക്യാമ്പുകളിലുമൊക്കെ ഒന്നിച്ച് കൂടപ്പിറപ്പുകളെപ്പോലെ ജീവിച്ചു. താമസവും അധിക ദൂരവ്യത്യസമില്ലാതെ. വീടിനു മുന്നിലൂടെ പോകുമ്പോൾ കൊച്ചുപ്രേമൻ ഉള്ളിലുണ്ടെങ്കിൽ കണ്ട് വിശേഷം പറഞ്ഞേ മടങ്ങാറുള്ളൂ. കൂട്ടുകാരനെ അവസാനമായി കാണാൻ ഒരിക്കൽ കൂടി ഷാഹുൽ ചിത്തിരയുടെ പടികടന്നെത്തി.