അനുകരണങ്ങളില്ലാത്ത കലാകാരൻ

Sunday 04 December 2022 12:35 AM IST

തിരുവനന്തപുരം: ഇരട്ടക്കുട്ടികളുടെ അച്ഛനിലെ വത്സലൻ, തിളക്കത്തിലെ വെളിച്ചപ്പാട്, കഥാനായകനിലെ വാമനൻ നമ്പൂതിരി, ലീലയിലെ ഡോ. സുകുമാരൻ, ആക്ഷൻ ഹീറോ ബിജുവിലെ സ്റ്റീഫൻ തുടങ്ങി 250ലേറെ കഥാപാത്രങ്ങളാണ് വെള്ളിത്തിരയിലൂടെ മാത്രം കൊച്ചുപ്രേമൻ മലയാളി പ്രേക്ഷകർ‌ക്കായി സമ്മാനിച്ചത്. ഒന്നും അനുകരണങ്ങളില്ലാത്തവ. വ്യത്യസ്തമായ സംസാര ശൈലിയിലും അഭിനയ മികവുമാണ് അദ്ദേഹത്തിന് മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിച്ചു നൽകിയത്. കുട്ടിക്കാലം മുതൽ നാടകത്തോട് പ്രിയമുണ്ടായിരുന്ന അദ്ദേഹം വലിയവിള കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ശ്രീകല തിയേറ്റഴ്സിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ശ്രീകലാ തിയേറ്റഴ്സിൽ പ്രവർത്തിക്കുമ്പോഴാണ് കെ.ആർ.പ്രേംകുമാർ എന്ന മറ്റൊരു പ്രേമന്റെ സഹകരണത്തോടെ പ്രജാപതിയെന്ന നാടക ട്രൂപ്പ് ആരംഭിക്കുന്നത്.

കോമഡി വേഷങ്ങളിൽ നിന്ന് ചുവടുമാറ്റിയുള്ള പരീക്ഷണങ്ങൾക്കും കൊച്ചുപ്രേമൻ ഒട്ടും മടി കാണിച്ചിരുന്നില്ല. ഗുരുവിലെയും ലീലയിലെയും കഥാപാത്രങ്ങൾ അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്.