ആകാശത്ത് അച്ഛൻ,​കണ്ണീരിൽ അമ്മ, സഞ്ജയുടെ കാലിൽ സ്വർണചുംബനം

Sunday 04 December 2022 4:45 AM IST

തിരുവനന്തപുരം: യൂണിവേഴ്സ്റ്റി സ്റ്റേഡിയത്തിൽ സഞ്ജയ് സ്വർണത്തിലേക്ക് പറന്നുയരുമ്പോൾ ഗാലറിയിൽ അമ്മ അബിത സുനിൽ കണ്ണീർ തുടയ്‌ക്കാൻ പാടുപെടുകയായിരുന്നു. ഒമ്പതുവർഷം മുമ്പ് അച്ഛനെ നഷ്ടമായ അപകടത്തിൽ ഗുരുതരപരിക്കേറ്റ് കമ്പിയിടേണ്ടി വന്ന വലതുകാലിൽ കുത്തിയുയർന്നാണ് സംസ്ഥാന സ്കൂൾ കായിക മേളയിൽ കെ.എസ്.സഞ്ജയ് സുനിൽ സ്വർണത്തിൽ മുത്തമിട്ടത്.

സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈജമ്പിൽ 1.50 മീറ്റർ ക്ലിയർചെയ്താണ് തിരുവനന്തപുരം യൂണിവേഴ്സ്റ്റി സ്റ്റേഡിയത്തിൽ സഞ്ജയ് സ്വർണം നേടിയത്. സഞ്ജയ്‌യുടെ മെഡൽ നേട്ടം സ്റ്റേഡിയത്തിലെ സ്ക്രീനിൽ തെളിഞ്ഞപ്പോൾ, നിറമിഴികളോടെ കൈകൂപ്പി ആകാശത്തേക്ക് നോക്കി മകന്റെ പൊൻനേട്ടം അവന്റെ പിതാവിന് സമർപ്പിക്കുകയായിരുന്നു അമ്മ. പാലക്കാട് പട്ടാമ്പി കൊപ്പം ജി.എച്ച്എസ്എസ് സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാർത്ഥിയാണ് സഞ്ജയ്.

2013 ജനുവരി 27നായിരുന്നു കൂലിക്കല്ലൂർ മുളയങ്കാവ് കിഴക്കേതിൽ സഞ്ജയ്‌യുടെ ജീവിതം കീഴ്മേൽ മറിയുന്നത്. പട്ടാമ്പിയിലുള്ള മാമന്റെ വീട്ടിലേക്ക് പോകുന്നതിനിടെ വല്ലപ്പുഴയിൽ വച്ച് സഞ്ജയും കുടുംബവും സഞ്ചരിച്ച ബൈക്കിലേക്ക് വാൻ ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് ഓടിച്ച പിതാവ് തത്ക്ഷണം മരിച്ചു. കൈക്കുഞ്ഞായിരുന്ന സഹോദരിയും അമ്മയും വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും നാല് വയസുകാരനായ സഞ്ജയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വലതുകാൽ നുറങ്ങി കമ്പിയിട്ട് ചികിത്സയിലിരുന്നത് ആറുമാസത്തോളമാണ്. അച്ഛൻ എപ്പോഴും കൂടെയുണ്ടെന്ന അമ്മയുടെ വാക്കുകളാണ് കരുത്തായതെന്ന് മത്സരശേഷം സഞ്ജയ് പറഞ്ഞു. മുളയങ്കാവ് കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയാണ് അബിത. സ്കൂളിലെ എസ്.എം.സി വൈസ് ചെയർപേഴ്സണുമാണിവർ. ഹരി ദേവാണ് പരിശീലകൻ. സഞ്ജയുടെ വിജയത്തിന് സാക്ഷിയാകാൻ സുനിലിന്റെയും അബിതയുടെയും മാതാപിതാക്കളുമെത്തിയിരുന്നു.