ആരോഗ്യവകുപ്പിന്റെ മുൻകരുതൽ നിർദ്ദേശം, ചെങ്കണ്ണ് പടരുന്നു, സ്വയം ചികിത്സ പാടില്ല

Sunday 04 December 2022 2:12 AM IST

രോഗമുള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്

രോഗം ഭേദമാകുന്നത് വരെ വീട്ടിൽ വിശ്രമിക്കണം

തിരുവനന്തപുരം : സംസ്ഥാനത്ത് ചെങ്കണ്ണ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ രോഗപ്പകർച്ച ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാൽ സങ്കീർണമാകും. മറ്റു ചില നേത്ര രോഗങ്ങൾക്കും ഇതേ ലക്ഷണങ്ങളായതിനാൽ ചെങ്കണ്ണ് ഉണ്ടാകുമ്പോൾ സ്വയംചികിത്സ പാടില്ലെന്നും നേത്രരോഗ വിദഗ്ദ്ധന്റെ സേവനം തേടണമെന്നും മന്ത്രി വീണാജോർജ് അറിയിച്ചു. സർക്കാർ ആശുപത്രികളിൽ ചെങ്കണ്ണിനുള്ള ചികിത്സ ലഭ്യമാണ്. ആശാവർക്കർമാരും ജെ.പി.എച്ച്.എൻമാരും വീടുകളിലെത്തി ചെങ്കണ്ണിന്റെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

രോഗം ബാധിച്ചാൽ സാധാരണ 5 മുതൽ 7 ദിവസം വരെയും സങ്കീർണമായാൽ 21ദിവസം വരെയും നീണ്ടുനിൽക്കാം. രോഗമുള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്. കുട്ടികളുൾപ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടിൽ വിശ്രമിക്കണം.

രോഗ ലക്ഷണങ്ങൾ

കണ്ണ് ചുവപ്പ്

അമിത കണ്ണുനീർ

കൺപോളകളിൽ വീക്കം

ചൊറിച്ചിൽ

പഴുപ്പ്

രാവിലെ എഴുന്നേൽക്കുമ്പോൾ പഴുപ്പ് കാരണം കണ്ണ് തുറക്കാൻ പ്രയാസം

കരുതലോടെ പകർച്ച ഒഴിവാക്കാം

രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന സാധനങ്ങളിൽ രോഗാണു സാദ്ധ്യതയുള്ളതിനാൽ ഇവ സ്‌പർശിച്ചാൽ രോഗാണുക്കൾ കണ്ണിലെത്താം. രോഗം ബാധിച്ച വ്യക്തികളിൽ നിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന പേന, പേപ്പർ, പുസ്തകം, തൂവാല, സോപ്പ്, മുതലായവ മറ്റുള്ളവർ ഉപയോഗിക്കരുത്. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. വീട്ടിൽ ചെങ്കണ്ണ് ബാധിച്ചവരുണ്ടെങ്കിൽ കുട്ടികൾക്ക് രോഗം ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Advertisement
Advertisement