@ ബാങ്ക് മാനേജർ പണം തട്ടിയ സംഭവം കോർപ്പറേഷനും വീഴ്ച

Sunday 04 December 2022 12:02 AM IST
യു.ഡി.എഫ് കൗൺസിലർമാർ മേയർ ഭവൻ ഉപരോധിച്ചപ്പോൾ

@അക്കൗണ്ടുകൾ പരിശോധിച്ചില്ല

@ ട്രഷറിയിൽ പണം നിക്ഷേപിക്കണമെന്ന നിർദ്ദേശം പാലിച്ചില്ല

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് ബാങ്ക് മാനേജർ പണം തട്ടിയ സംഭവത്തിൽ കോർപ്പറേഷനും വീഴ്ച പറ്റിയതായി തെളിഞ്ഞു. മാസത്തിൽ ഒരിക്കലെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ടുകൾ തിട്ടപ്പെടുത്തണമെന്ന നിർദ്ദേശം കോർപ്പറേഷൻ അവഗണിച്ചു. ബാങ്ക് അക്കൗണ്ടുകൾക്ക് പകരം ട്രഷറി അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെന്ന നിർദ്ദേശവും ലംഘിക്കപ്പെട്ടു. ബാങ്കിൽ നിന്ന് പല ഘട്ടങ്ങളിലായാണ് മാനേജർ റിജിൽ പണം പിൻവലിച്ചത്. 2019 മുതൽ ഈ വർഷം ജൂൺ വരെ ലിങ്ക് റോഡ് ശാഖയിൽ ഇയാൾ ജോലി ചെയ്തിരുന്നു. പിന്നീടാണ് എരഞ്ഞിപ്പാലത്തേക്ക് മാറിയത്. അവിടെ നിന്നാണ് ഒക്ടോബർ, നവംബർ മാസങ്ങളിൽ ലിങ്ക് റോഡ് ശാഖ

യിലെ പണം തിരിമറി നടത്തിയത്. തട്ടിപ്പ് മനസിലാകാതിരിക്കാൻ രേഖകളിൽ ഉൾപ്പെടെ ക്രമക്കേട് നടത്തുകയും ചെയ്തു. കോർപ്പറേഷന്റെ ധനകാര്യ വിഭാഗം മാസാവസാനം കൃത്യമായ പരിശോധന നടത്തണം. വരവും ചെലവും ശേഷിക്കുന്ന തുകയും തിട്ടപ്പെടുത്തണം. നിലവിൽ ഇതിനെല്ലാം ഓൺലെെൻ സംവിധാനങ്ങളുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണ് തട്ടിപ്പ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഇന്റേണൽ ഓഡിറ്റും ലോക്കൽ ഫണ്ട് ഓഡിറ്രും കൃത്യമായി പരിശോധിക്കാത്തതാണ് ഇത്രയും വലിയ തുകയുടെ തിരിമറിക്ക് വഴിയൊരുങ്ങിയതെന്നും ആക്ഷേപമുണ്ട്. തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ നിത്യേന അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കോർപ്പറേഷൻ. അതേസമയം

കോർപ്പറേഷൻ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് കോടികൾ തട്ടിയ കേസ് ക്രൈംബ്രാഞ്ച് ഏറ്രെടുത്തു. അസി.കമ്മിഷണർ ടി.എ. ആന്റണിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് എത്ര തുക തിരിമറി നടത്തി, ഏതെല്ലാം മാർഗത്തിലൂടെയാണ് തിരിമറി നടന്നത്, കൂടുതൽ പേർക്ക് പങ്കുണ്ടോ, പണം ആരുടെ അക്കൗണ്ടുകളിലേക്കാണ് മാറ്റിയത് , ഓൺലെെൻ ഇടപാടിൽ എത്ര പണം നഷ്ടമായി തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക. എസ്.ഐ ഷെെജു, എ.സി.പി.ഒ ശിവദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ. അതിനിടെ റിജിൽ ഒറ്റയ്ക്കാണ് തട്ടിപ്പ് നടത്തിയതെന്നാണ് പി.എൻ.ബി ചെന്നൈ സോൺ നടത്തിയ അന്വേഷണത്തിലെ പ്രാഥമിക നിഗമനം. റിജിൽ തട്ടിയെടുത്തതായി കോർപ്പറേഷൻ പറയുന്ന തുകയും ബാങ്കിന്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയ തുകയും തമ്മിൽ പൊരുത്തമില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ഏഴ് അക്കൗണ്ടുകളിൽ നിന്നായി 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് മേയർ പറഞ്ഞതെങ്കിലും നഷ്ടമായത് 12 കോടിയോളം രൂപയെന്നാണ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ കണക്ക്.

ബാങ്കിൽ നിന്ന് തുക കൈമാറ്റം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന മേയ്ക്കർ ചെക്കർ സംവിധാനം ഒഴിവാക്കിയാണ് റിജിൽ പണം പിൻവലിച്ചത്. അതുകൊണ്ടുതന്നെ പണം നഷ്ടപ്പെട്ടവരോ ബാങ്കോ പണം പോയതായി തിരിച്ചറിഞ്ഞില്ല. പണം പിൻവലിക്കാൻ ഒരാൾ അപേക്ഷ നൽകിയാൽ അത് ബാങ്കിലെ ഒരു ഉദ്യോഗസ്ഥൻ പരിശോധിക്കുകയും മറ്റൊരാൾ ഉറപ്പുവരുത്തുകയും വേണം. എന്നാൽ ഈ രണ്ട് ഉദ്യോഗസ്ഥർക്കും ലഭിക്കുന്ന സെക്യൂരിറ്റി കോഡ് ഹാക്ക് ചെയ്താണ് റിജിൽ തുക തട്ടിയെടുത്തതെന്ന് ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. മേയ്ക്കർ ചെക്കർ സംവിധാനത്തിനായി ഉപയോ​ഗിക്കുന്ന സോഫ്റ്റ് വെയറിലെ സുരക്ഷാ പാളിച്ച പരിഹരിക്കാനുളള നടപടികളും ബാങ്ക് സ്വീകരിച്ചിട്ടുണ്ട്.

കോർപ്പറേഷന്റെ പരാജയം; വി .മുരളീധരൻ

കോഴിക്കോട്: കോടികളുടെ അഴിമതി കണക്ക് പുറത്തു വന്നു കൊണ്ടിരിക്കുന്നതിലൂടെ കോർപ്പേറേഷന്റെ പരാജയമാണ് വെളിച്ചത്താകുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. പ്രശ്നത്തിൽ യു.ഡി.എഫും എൽ.ഡി.എഫും സമര രംഗത്തുണ്ട്. 24മണിക്കൂറിനകം ഫണ്ട് തിരിച്ചുകിട്ടിയില്ലെങ്കിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഒരു ബ്രാഞ്ചും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സി.പി.എം ജില്ലാ നേതൃത്വം പറയുമ്പേൾ ഇതിൽ ബലിയാടാകുന്നത് സാധാരണ ജനങ്ങളാണ്. 5 മാസമായി കോർപ്പറേഷന്റെ അക്കൗണ്ടിൽ പണം നഷ്ടമായത് അവർ അറിഞ്ഞില്ല. പാവ മേയർമാരെ വെച്ച് സർക്കാർ ഭരണം നടത്താതെ ജനങ്ങളോട് പ്രതിബന്ധത കാണിക്കണമെന്നും മുരളീധരൻ പറഞ്ഞു.

മേയർ ഭവൻ അതിക്രമം ലജ്ജാകരം: മേയർ

കോഴിക്കോട്: മേയർ ഭവനിൽ സെക്രട്ടറി കെ.യു. ബിനിക്കെതിരെ യു.ഡി.എഫ് കൗൺസിലർമാർ നടത്തിയ അതിക്രമം ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് മേയർ ഡോ. ബീന ഫിലിപ്പ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് ഒരു പ്രകോപനവുമില്ലാതെയാണ് കൗൺസിലർമാർ അതിക്രമം കാട്ടിയത്. എതിരഭിപ്രായങ്ങൾ ഉണ്ടാവാം . എന്നാൽ മുദ്രാവാക്യം വിളിയും കൈയേറ്റവുമായി കാര്യങ്ങൾ കിടപ്പുമുറി വരെ എത്തിയിരിക്കുന്ന അവസ്ഥ ലജ്ജാകരമാണ്. ഒരു സ്ത്രീയെന്ന പരിഗണനപോലും നൽകാൻ തയ്യാറായില്ല. നഷ്ടപ്പെട്ട തുക പൂർണമായും ബാങ്ക് തിരിച്ചടക്കുമെന്ന് ഉറപ്പുണ്ട്. കോർപ്പറേഷന്റെ മുഴുവൻ അക്കൗണ്ടുകളും ഉടൻ പരിശോധിക്കുമെന്നും മേയർ പറഞ്ഞു. സമരം ശ്രദ്ധിക്കപ്പെടുക എന്ന ഒറ്റ ഉദ്ദ്യേശത്തോടെയാണ് ജനാധിപത്യ വിരുദ്ധ സമരരീതികളുമായി മുന്നോട്ട് പോകുന്നതെന്ന് ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് പറഞ്ഞു. മേയർ ഭവന്‍ ഉപരോധിച്ചെന്ന് കാണിച്ച് യു.ഡി.എഫ് കൗൺസിലർമാർക്കെതിരെ മേയർ ഡോ. ബീന ഫിലിപ്പ് ടൗൺ പൊലീസിൽ പരാതി നൽകി. കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് കാണിച്ച് സെക്രട്ടറി കെ.യു. ബിനിയും പരാതി നൽകി.

മേയർഭവൻ ആക്രമിച്ചെന്ന പ്രചാരണം സി.പി.എം തന്ത്രം: യു.ഡി.എഫ്

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലെ കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് 15 കോടി തിരിമറി നടത്തിയ സംഭവത്തിൽ ജനശ്രദ്ധ തിരിച്ചുവിടാനുള്ള സി.പി.എം തന്ത്രത്തിന്റെ ഭാഗമാണ് മേയർഭവൻ അക്രമിച്ചുവെന്ന പ്രചാരണമെന്ന് യു.ഡി.എഫ് . വിഷയത്തിൽ ചർച്ച നടത്താനാണ് മേയർ ഭവനിൽ എത്തിയത്. കോർപ്പറേഷൻ സെക്രട്ടറിയെ കണ്ടപ്പോൾ കാര്യങ്ങൾ സംസാരിച്ചു. സൗഹൃദത്തിൽ മുന്നോട്ടുപോയ ചർച്ച പെട്ടെന്ന് പ്രകോപനപരമാവുകയായിരുന്നു. വെല്ലുവിളിച്ച് സെക്രട്ടറി എഴുന്നേറ്റ് പോയി. കൗൺസിലർക്കും ജനപ്രതിനിധികൾക്കും ജനങ്ങൾക്കും കടന്നുചെന്ന് ഭരണാധികാരികളോട് കാര്യങ്ങൾ ആരായാൻ മേയർ ഭവനിൽ അവസരം ഉണ്ടാകണം. സി.പി.എമ്മിന്റെയോ എൽ.ഡി.എഫിന്റെയോ ഓഫീസായി മേയർഭവൻ അധപ്പതിക്കരുതെന്ന് യു.ഡി.എഫ് കോർപ്പറേഷൻ കൗൺസിൽ ലീഡർ കെ.സി ശോഭിത വ്യക്തമാക്കി. യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധ പ്രകടനം കോർപ്പറേഷൻ ഓഫീസിൽ സമാപിച്ചു. സമാപന യോഗത്തിൽ കെ.സി ശോഭിത അദ്ധ്യക്ഷത വഹിച്ചു. കെ മൊയ്തീൻ കോയ, എസ്.കെ അബൂബക്കർ, സാഹിദ സുലൈമാൻ, കെ നിർമ്മല , ഓമന മധു, മനോഹരൻ മാങ്ങാറിൽ , ജീബ ബീവി, കവിത അരുൺ, ആയിഷബി പാണ്ടികശാല, സൗഫിയ അനീസ് ,കെ.റംലത്ത് എന്നിവർ പങ്കെടുത്തു.

യു.ഡി.എഫ് ധർണ ആറിന്

കോഴിക്കോട് : പഞ്ചാബ് നാഷണൽ ബാങ്കിലെ കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് 15 കോടി ചോർന്ന സംഭവം ഉൾപ്പെടെ കോഴിക്കോട് കോർപ്പറേഷനിലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ യു.ഡി.എഫ് ആറിന് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തും.

ബാങ്കിലെ തിരിമറിയിലേക്ക് നയിച്ചത് കോർപ്പറേഷൻ ഭരണസമിതിയുടെ കൃത്യവിലോപവും അനാസ്ഥയുമാണ് യു.ഡി.എഫ് ജില്ല കമ്മിറ്റി യോഗം ആരോപിച്ചു. ഇതിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ബാങ്കിന് മുന്നിൽ ഇടത് മുന്നണി നടത്തുന്ന സമരം. അഴിമതി ഇ.ഡിയും ആർ.ബി.ഐയും അന്വേഷിക്കണം.

കെട്ടിട നമ്പർ അഴിമതി, നികുതിവെട്ടിപ്പ് എന്നിവയെല്ലാം നടന്നത് ഭരണസമിതിയുടെ ഒത്താശയോടെയാണ്. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, യു.ഡി.എഫ് ജില്ലാ കൺവീനർ എം .എ. റസാക്ക് , കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത, കെ.മൊയ്തീൻകോയ, എം.എ.മജീദ്, എസ്.കെ.അബൂബക്കർ കെ.വി.കൃഷ്ണൻ സി.ടി.സക്കീർ ,പി.ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.