ശബരി റെയിൽപാത നീട്ടിയാൽ നേട്ടം

Sunday 04 December 2022 12:38 AM IST

കൊല്ലം: നിർദ്ദിഷ്ട അങ്കമാലി- എരുമേലി ശബരി റെയിൽപാതയുടെ ആദ്യഘട്ടം പൂനലൂർ വരെ നീട്ടണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. നിലവിൽ റെയിൽപാതയില്ലാത്ത മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട പാത പുനലൂർ, നെടുമങ്ങാട്, കഴക്കൂട്ടം വരെ ദീർഘിപ്പിച്ചാൽ കേരളത്തിന് വലിയ നേട്ടമാകും കൈവരിക.

അങ്കമാലി - എരുമേലി പാതയുടെ നിർമ്മാണം വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ്. കാലടി വരെ ട്രാക്ക് നിർമ്മാണം പൂർത്തിയായെങ്കിലും സ്ഥലമേറ്റെടുക്കൽ പ്രശ്നത്തിൽ തട്ടി നിർമ്മാണം നിലച്ചിരിക്കുകയാണ്. അടുത്തകാലത്താണ് സംസ്ഥാന സർക്കാർ ശബരി റെയിൽ പാതയുടെ പൂർത്തിയാക്കാൻ പച്ചക്കൊടി കാട്ടിയത്. ഇതിന്റെ ഭാഗമായി കെ - റെയിൽ തയ്യാറാക്കിയ 3600 കോടി രൂപയുടെ എസ്റ്റിമേറ്റ് ദക്ഷിണ റെയിൽവേയ്ക്ക് കൈമാറുകയും ചെയ്തു. പദ്ധതിക്കായി 2000 കോടി രൂപ കിഫ്ബി വഴി നൽകുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിർദ്ദിഷ്ട പാതയിലൂടെ വന്ദേഭാരത് ട്രെയിൻ ഓടിക്കാൻ കഴിയുന്ന വിധത്തിലുളള പുതുക്കിയ എസ്റ്റിമേറ്റാണ് കെ - റെയിൽ തയ്യാറാക്കി സമർപ്പിച്ചത്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കാവുന്ന വിധത്തിലാവും സംവിധാനങ്ങൾ ഒരുക്കുക. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പകുതി വീതം ചെലവു വഹിക്കാമെന്ന് നേരത്തെ ധാരണയിലെത്തിയിരുന്നു. അങ്കമാലിയിൽ നിന്ന് ആരംഭിച്ച് എരുമേലിയിൽ അവസാനിക്കുന്ന പാത ആദ്യ ഘട്ടം തന്നെ പുനലൂർ വരെ നീട്ടണമെന്നാണ് മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യം. അടുത്ത ഘട്ടത്തിൽ തിരുവനന്തപുരവുമായി പാത ബന്ധിപ്പിച്ചാൽ ഈ മേഖലയിൽ വലിയ വികസന മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

 റെയിൽ പാതയില്ലാത്ത മലയോര മേഖലകളെ പാത ബന്ധിപ്പിക്കും

 എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം,

പുനലൂർ മേഖലകളുടെ വികസനം ലക്ഷ്യം

 കൊല്ലം- ചെങ്കോട്ട പാത വഴി തമിഴ്നാടുമായി സുഗമ യാത്ര

 തമിഴ്നാട്ടിൽ നിന്നുളള ശബരിമല തീർത്ഥാടകർക്ക് ഗുണം

 മലയോര ടൂറിസം രംഗത്ത് വൻ വളർച്ച

"ശബരി പാത പുനലൂർ വരെ നീട്ടിയാൽ ശബരിമല തീർത്ഥാടകർ ഉൾപ്പെടെ യാത്രക്കാർക്ക് വലിയ ആശ്വാസമായിരിക്കും".

ദീപു പുനലൂർ, കൊല്ലം- ചെങ്കോട്ട റെയിൽവേ

പാസഞ്ചേഴ്സ് അസോ.

Advertisement
Advertisement