അടികിട്ടിയാൽ ബ്രസീലും വീഴും

Sunday 04 December 2022 12:57 AM IST

വിൻസന്റ് അബൂബക്കറിന്റെ വിസ്മയ ഗോളിൽ ബ്രസീലിനെ അട്ടിമറിച്ച് കാമറൂൺ

ജയിച്ചിട്ടും പ്രീ ക്വാർട്ടർ കാണാതെ കാമറൂൺ പുറത്ത്

ദോഹ : ഈ ലോകകപ്പിൽ ആർക്കും ആരെയും തോൽപ്പിക്കാമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി അഞ്ച് തവണ കപ്പുയർത്തിയ ബ്രസീലിനെതിരെ കാമറൂൺ നേടിയ വിജയം. നേരത്തേതന്നെ പ്രീ ക്വാർട്ടറിലെത്തിക്കഴിഞ്ഞതിനാൽ ഏഴ് മുൻനിര താരങ്ങൾക്ക് വിശ്രമം നൽകി റിസർവ് ബെഞ്ചിനെ പരീക്ഷിച്ച ബ്രസീലിയൻ കോച്ച് ടിറ്റേയ്ക്ക് കനത്ത ആഘാതമാവുകയും ചെയ്തു ഈ തോൽവി. ലോകകപ്പുകളിൽ ബ്രസീലിന്റെ ചരിത്രത്തിൽതന്നെ അപൂർവമാണ് ഗ്രൂപ്പ് റൗണ്ടിലെ തോൽവി. അതേസമയം പ്രീ ക്വാർട്ടറിൽ എത്താതെ പുറത്തുപോകേണ്ടിവന്നെങ്കിലും ലോകകപ്പ് ചരിത്രത്തിലെ തന്നെ സുവർണമുഹൂർത്തം കുറിച്ച് തലയെടുപ്പോടെയാണ് കാമറൂൺ മടങ്ങിയത്.

ഇരുപകുതികളിലും നന്നായി പൊരുതുകയും പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടുനിൽക്കുകയും ചെയ്തെങ്കിലും കളിയുടെ നിർണായകനിമിഷത്തിൽ വിൻസന്റ് അബൂബക്കറിന്റെ തലയിൽ നിന്ന് പിറന്ന ഗോളിൽ കാമറൂൺ അവിശ്വസനീയ വിജയം നേടിയെടുക്കുകയായിരുന്നു. ഇൻജുറി ടൈമിന്റെ ആദ്യ പകുതിയിലായിരുന്നു ബ്രസീലിനെ ഞെട്ടിച്ച ഗോൾ. പിന്നെയും പത്തുമിനിട്ടോളം ഇൻജുറി ടൈം നീണ്ടെങ്കിലും തിരിച്ചടിക്കാൻ കഴിയാതെ ലോകകപ്പിൽ ആദ്യമായി ഒരു ആഫ്രിക്കൻ രാജ്യത്തോട് തോറ്റ് ബ്രസീൽ നാണക്കേടിന്റെ ചരിത്രം കുറിച്ചു.

നെയ്മറും ആലിസൺ ബക്കറും തിയാഗോ സിൽവയും വിനീഷ്യസ് ജൂനിയറും കാസിമെറോയും റിച്ചാർലിസണും ഇല്ലാതെയിറങ്ങിയ ബ്രസീലിന് ഫിനിഷിംഗിലെ പാളിച്ചകളും കാമറൂൺ ഗോളി എപാസിയുടെ കി‌ടിലൻ സേവുകളുമാണ് തടയിട്ടത്. ആദ്യ പകുതിയിൽ മാർട്ടിനെല്ലി തൊടുത്ത ഗോളെന്നറപ്പിച്ച രണ്ട് മിന്നൽ ഷോട്ടുകളാണ് എപാസി ഡൈവ്ചെയ്തുയർന്ന് തട്ടിക്കളഞ്ഞത്. രണ്ടാം പകുതിയിലും മാർട്ടിനെല്ലിക്ക് മുന്നിൽ മതിലായി മാറി എപാസി. ഗബ്രിയേൽ ജീസസിനും ആന്റണിക്കും ലഭിച്ച ചാൻസുകളും കൂടി മിസായതോടെ കാമറൂണിന് മുന്നിൽ ചരിത്രവിജയവഴി തുറക്കുകയായിരുന്നു.

വിസ്മയ ഗോൾ ഇങ്ങനെ

90+2-ാം മിനിട്ട്

വിൻസന്റ് അബൂബക്കർ

വലതുവിംഗിൽ നിന്ന് എംബെക്കേലി ബോക്സിലേക്ക് ഉയർത്തിവിട്ട ക്രോസ് മുന്നോട്ടോടിക്കയറുന്നതിനിടയിൽ അബൂബക്കർ രണ്ട് ഡിഫൻഡർമാർക്കിടയിൽ നിന്ന് ഹെഡ് ചെയ്ത് വലയിലേക്ക് കയറ്റിയപ്പോൾ ബ്രസീലിന്റെ വലകാത്ത എഡേഴ്സണ് മിഴിച്ചുനിൽക്കാനേ കഴിഞ്ഞുള്ളൂ.

20 വർഷത്തിന് ശേഷമാണ് കാമറൂൺലോകകപ്പിൽ ഒരു മത്സരത്തിൽ വിജയിക്കുന്നത്. 2002 ലോകകപ്പിൽ സൗദി അറേബ്യയ്ക്ക് എതിരെയായിരുന്നു ഇതിന് മുമ്പ് കാമറൂൺ ഒരു ലോകകപ്പ് മത്സരം ജയിച്ചത്.

ഈ ലോകകപ്പിൽ ബ്രസീലിനെതിരേ ഗോൾ നേടുന്ന ആദ്യ താരമാണ് വിൻസന്റ് അബൂബക്കർ.

ലോകകപ്പ് ചരിത്രത്തിൽ ബ്രസീലിനെതിരേ ഗോൾ നേടുന്ന ആദ്യ ആഫ്രിക്കൻ താരമായും അബൂബക്കർ മാറി.

ലോകകപ്പിൽഒരു ആഫ്രിക്കൻ രാജ്യത്തിനെതിരെ ബ്രസീലിന്റെ ആദ്യ തോൽവി കൂടിയാണിത്.

പുതിയ നൂറ്റാണ്ടിലെ ലോകകപ്പുകളിൽ ഗ്രൂപ്പ് മത്സരത്തിൽബ്രസീൽ തോൽക്കുന്നതും ഇതാദ്യം.

16

ഇത് പതിനാറാം തവണയാണ് ബ്രസീൽ ഗ്രൂപ്പ് റൗണ്ടിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്നത്.

Advertisement
Advertisement