സമസ്ത അടക്കമുള്ളവരുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കുടുംബശ്രീ; ലിംഗ സമത്വ പ്രതിജ്ഞ പിൻവലിച്ചു

Sunday 04 December 2022 4:47 PM IST

കോഴിക്കോട്: ലിംഗസമത്വ ക്യാംപയിന്റെ ഭാഗമായി സി ഡി എസ് അംഗങ്ങൾക്ക് ചൊല്ലാൻ നൽകിയ പ്രതിജ്ഞ പിൻവലിച്ചു. ക്യാംപയിന്റെ ഭാഗമായി തയ്യാറാക്കിയ ലിംഗ സമത്വ പ്രതിജ്ഞ ചൊല്ലേണ്ടതില്ലെന്ന് കുടുംബശ്രീ സ്റ്റേറ്റ് മിഷൻ ഓഫീസിൽ നിന്ന് ജില്ലാ പ്രോഗ്രാം ഓഫീസർമാർക്ക് നിർദേശം നൽകി.

പുതിയ പ്രതിജ്ഞ നൽകുമെന്നും അതിനുശേഷം ചൊല്ലിയാൽ മതിയെന്നുമാണ് ജില്ലാ പ്രോഗ്രാം ഓഫീസർമാർക്ക് കിട്ടിയിരിക്കുന്ന നിർദേശം. സമസ്ത അടക്കമുള്ള ചില മുസ്ലീം സംഘടനകളുടെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് കുടുംബശ്രീ അധികൃതർ വ്യക്തമാക്കി.

ക്യാംപയിനിന്റെ ഭാഗമായി കുടുംബശ്രീ തയ്യാറാക്കിയ പ്രതിജ്ഞയിൽ ആണിനും പെണ്ണിനും തുല്യസ്വത്ത് നൽകണമെന്നുണ്ടായിരുന്നു. ഇതാണ് വിവാദമായത്. ഇത് ശരീയത്ത് വിരുദ്ധമാണെന്നായിരുന്നു സമസ്ത അടക്കമുള്ളവരുടെ വിമർശനം. ശരീഅത്ത് നിയമപ്രകാരം പുരുഷന് സ്ത്രീയുടെ ഇരട്ടി സ്വത്താണ് ലഭിക്കുന്നതെന്നാണ് വിമർശകരുടെ വാദം.