ഹൈടെക് ആകാനൊരുങ്ങി ചിറ്റൂർ താലൂക്ക് ആശുപത്രി

Monday 05 December 2022 12:33 AM IST
നിർമ്മാണം പുരോഗമിക്കുന്ന ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട സമുച്ചയം.

ആധുനിക കെട്ടിടോദ്ഘാടനം ഏപ്രിൽ ആദ്യം

ചിറ്റൂർ: താലൂക്കാശുപത്രിയിലെ ഏഴുനിലകളുള്ള ആധുനിക കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. കെട്ടിടം പ്രവർത്തന സജ്ജമാകുന്നതോടെ ഏറെ നൂതനമായ ചികിത്സാ സൗകര്യം ചിറ്റൂരിൽ ലഭ്യമാകും.

ജില്ലയുടെ കിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുക എന്നത് ലക്ഷ്യമാക്കിയാണ് സൂപ്പർ മൾട്ടി സ്പെഷാലിറ്റി ആശുപത്രി കെട്ടിടം ഒരുങ്ങുന്നത്. ഈ മാസം അവസാനത്തോടെ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകും. മാർച്ച് അവസാനത്തോടെ മിനുക്കുപണികൾ നടത്തി ഫർണ്ണീച്ചറുകളും അനുബന്ധ സാമഗ്രികളും സ്ഥാപിക്കും. ഏപ്രിൽ ആദ്യം ഉദ്ഘാടനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

നൂറു കോടിയുടെ പദ്ധതി

കിഫ്ബി ഫണ്ട് 70.51 കോടി ഉൾപ്പെടെ 100 കോടിയിലേറെ രൂപ ചെലവഴിച്ചാണ് ഉന്നത നിലവാരമുളള കെട്ടിടവും അനുബന്ധ ചികിത്സാ സൗകര്യങ്ങളും സജ്ജമാക്കുന്നത്. 220 പേരെ കിടത്തി ചികിത്സിക്കാനുള്ള വാർഡുകൾ, അഞ്ച് ഓപ്പറേഷൻ തിയേറ്ററുകൾ, പ്രീ- പോസ്റ്റ് ഓപ്പറേഷൻ വാർഡുകൾ, ഐസൊലേഷൻ വാർഡുകൾ, സി.ടി- എം.ആർ.ഐ സ്കാൻ, രണ്ട് ഐ.സി.യു യൂണിറ്റ്, 10 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ് ഉൾപ്പെടെ പതിനെട്ടര കോടിയുടെ ആധുനിക ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിക്കുക.

Advertisement
Advertisement