വമ്പനടിക്കാർക്കെല്ലാം അടിതെറ്റി; ആദ്യ ഏകദിനത്തിൽ ഇന്ത്യ 186ന് പുറത്ത്, കരുതലോടെ ബാറ്റ് വീശി ബംഗ്ളാദേശ്
ധാക്ക: മിർപൂറിലെ ഷേർ ഇ ബംഗ്ളാ സ്‌റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ടീം ഇന്ത്യയുടെ പേരുകേട്ട ബാറ്റർമാരെല്ലാം രണ്ടക്കം പോലും തികയ്‌ക്കാൻ പ്രയാസപ്പെടുന്ന കാഴ്‌ചയാണ് ഇന്ന് ഇന്ത്യ- ബംഗ്ളാദേശ് ആദ്യ ഏകദിനത്തിൽ കണ്ടത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്കായി നാലുപേർ മാത്രമാണ് രണ്ടക്കം തികച്ചത്. ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന റിഷഭ് പന്ത് പരമ്പരയിൽ പുറത്തായി തിരിച്ചടി നേരിട്ട ഇന്ത്യയ്‌ക്ക് ഇന്ന് ബാറ്റിംഗും ഒട്ടും സുഖമായില്ല.
പന്തിന് പകരം കീപ്പറായ രാഹുലാണ് ഇന്നത്തെ ടീം ഇന്ത്യയുടെ ടോപ് സ്‌കോറർ. 70 പന്തുകളിൽ രാഹുൽ 73 റൺസ് നേടി. നായകൻ രോഹിത് ശർമ്മ (27), ശ്രേയസ് അയ്യർ (24), വാഷിംഗ്‌ടൺ സുന്ദർ (19) എന്നിവരാണ് രണ്ടക്കം തികച്ച മറ്റുളളവർ. ബംഗ്ളാദേശിനായി മുൻ നായകൻ ഷാക്കിബ് അൽ ഹസൻ പത്തോവറിൽ 36 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തി. എബാഡോത്ത് ഹൊസൈൻ 47 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി. 41 ഓവറിൽ 186 റൺസിന് ഇന്ത്യ കൂടാരം കയറി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ളാദേശിനും ബാറ്റിംഗ് ഒട്ടും ആയാസമായിരുന്നില്ല. ആദ്യ പന്തിൽ തന്നെ നജ്‌മൽ ഹുസൈനെ ദീപക് ചാഹർ മടക്കി. അൻമോൽ ഹക്ക് (14) പുറത്താകുമ്പോൾ ബംഗ്ളാദേശ് സ്‌കോർ 26 റൺസ് മാത്രം. പിന്നാലെ എത്തിയ ഷാക്കിബ് അൽ ഹസനും നായകൻ ലിട്ടൻ ദാസും കരുതലോടെ കളിച്ചു. ദാസ് 41 റൺസ് നേടി പുറത്തായപ്പോൾ ഷാക്കിബ് 38 പന്തിൽ 29 റൺസാണ് നേടിയത്. നിലവിൽ 29 ഓവറിൽ നാല് വിക്കറ്റിന് 110 റൺസ് എന്ന നിലയിലാണ് ബംഗ്ളാദേശ്. 21 ഓവറിൽ 77 റൺസ് ഇനി അവർക്ക് വിജയത്തിനായി വേണം. മുഷ്‌ഫിക്കുർ റഹീം (11), മഹ്‌മദുളള (10) എന്നിവരാണ് ക്രീസിൽ.