പാലക്കാട്ട് പ്ളാസ്റ്റിക് വ്യവസായ പാർക്ക് ആരംഭിക്കും
കൊച്ചി: പാലക്കാട് ജില്ലയിൽ പ്ലാസ്റ്റിക് അധിഷ്ഠിത വ്യവസായപാർക്ക് സ്ഥാപിക്കാൻ കേരള പ്ലാസ്റ്റിക് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ (കെ.പി.എം.എ) തീരുമാനിച്ചു. പാർക്കിനായി ഭൂമി കണ്ടെത്തി. 2023ൽ പാർക്ക് യാഥാർത്ഥ്യമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. അസോസിയേഷന്റെ രജത ജൂബിലി സമ്മേളനത്തിലാണ് പ്രഖ്യാപനം.
സർക്കാരിന്റെ പുതിയ വ്യവസായനയത്തോട് ചേർന്നുനിൽക്കുന്നതാണ് വ്യവസായപാർക്ക് തുടങ്ങാനുള്ള തീരുമാനമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി പി.രാജീവ് പറഞ്ഞു. വ്യവസായപാർക്കിനായി സംരംഭകർ ഓഫീസുകൾ കയറിയിറങ്ങാതെ ഓൺലൈൻ വഴി അപേക്ഷ നൽകിയാൽ മതിയെന്നതാണ് നയത്തിന്റെ പ്രത്യേകത. കെ.പി.എം.എ സംസ്ഥാന പ്രസിഡന്റ് എം.എസ്.ജോർജ് അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ എ.ബി.പ്രദീപ്കുമാർ, ക്ലീൻ കേരള മാനേജിംഗ് ഡയറക്‌ടർ ജി.കെ.സുരേഷ് കുമാർ, എ.എം.ടി.ഇ.സി ചെയർമാനും ഓൾ ഇന്ത്യ പ്ലാസ്റ്റിക്ക് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ ഗവേണിംഗ് കൗൺസിൽ അംഗവുമായ അരവിന്ദ് മേത്ത, ഓൾ ഇന്ത്യ പ്ലാസ്റ്റിക്ക് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് മയൂർ ഡി.ഷാ തുടങ്ങിയവർ സംസാരിച്ചു.