രക്ഷകനായി മെഹിദി ഹസൻ ,​ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് വിജയം

Sunday 04 December 2022 9:12 PM IST

ധാക്ക: വിജയപരാജയങ്ങൾ മാറിമറിഞ്ഞ ആവേശകരമായ ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തോൽവി. ധാക്ക ഷേർ ബംഗ്ലാ നാഷണൽ സ്റ്റേഡിയിൽ നടന്ന മത്സരത്തിൽ ഒരു വിക്കറ്റിന്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. അവസാന വിക്കറ്റിൽ മെഹിദി ഹസൻ (39 പന്തിൽ ന38)​ മുസ്തഫിസുർ റഹ്മാനെ(11 പന്തിൽ 10)​ കൂട്ടുപിടിച്ച് നടത്തിയ പ്രകടനമാണ് തോൽവിയിൽ നിന്ന് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 41.2 ഓവറിൽ 186ന് എല്ലാവരും പുറത്തായി. ഇന്ത്യയ്‌ക്കായി നാലുപേർ മാത്രമാണ് രണ്ടക്കം തികച്ചത്. പന്തിന് പകരം കീപ്പറായ രാഹുലാണ് ടോപ് സ്‌കോറർ. 70 പന്തുകളിൽ രാഹുൽ 73 റൺസ് നേടി. നായകൻ രോഹിത് ശർമ്മ (27), ശ്രേയസ് അയ്യർ (24), വാഷിംഗ്‌ടൺ സുന്ദർ (19) എന്നിവരാണ് രണ്ടക്കം തികച്ച മറ്റുള‌ളവർ. ബംഗ്ളാദേശിനായി മുൻ നായകൻ ഷാക്കിബ് അൽ ഹസൻ പത്തോവറിൽ 36 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തി. എബാഡോത്ത് ഹൊസൈൻ 47 റൺസ് വഴങ്ങി നാല് വിക്ക‌റ്റ് വീഴ്‌ത്തി. 41 ഓവറിൽ 186 റൺസിന് ഇന്ത്യ കൂടാരം കയറി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ളാദേശിനും ബാറ്റിംഗ് അനായാസമായിരുന്നില്ല. ആദ്യ പന്തിൽ തന്നെ നജ്‌മൽ ഹുസൈനെ ദീപക് ചാഹർ മടക്കി. അൻമോൽ ഹക്ക് (14) പുറത്താകുമ്പോൾ ബംഗ്ളാദേശ് സ്‌കോർ 26 റൺസ് മാത്രം. പിന്നാലെ എത്തിയ ഷാക്കിബ് അൽ ഹസനും നായകൻ ലിട്ടൻ ദാസും കരുതലോടെ കളിച്ചു. ദാസ് 41 റൺസ് നേടി പുറത്തായപ്പോൾ ഷാക്കിബ് 38 പന്തിൽ 29 റൺസാണ് നേടിയത്.

പിന്നീടെത്തിയ മുഷ്ഫിഖുർ റഹ്മാൻ (18), മഹ്മുദുള്ള (14), അഫീഫ് ഹുസൈൻ (6), ഇബാദത്ത് ഹുസൈൻ (0), ഹസൻ മഹ്മൂദ് (0) എന്നിവർ നിരാശപ്പെടുത്തി. ഇതോടെ 39.3 ഓവറിൽ ഒമ്പതിന് 136 എന്ന നിലയിലായി. . എന്നാൽ മുസ്തഫിസുർ റഹ്മാനെ (10) കൂട്ടുപിടിച്ച് മെഹ്ദി (39 പന്തിൽ പുറത്താവാതെ 38) നടത്തിയ പോരാട്ടം ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 52 റൺസാണ് കൂട്ടിചേർത്തത്. രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടുന്നതാണ് മെഹ്ദിയുടെ ഇന്നിംഗ്സ്. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. കുൽദീപ് സെൻ, വാഷിംഗ്ടൺ സുന്ദർ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.