കഥപോലെ ലളിതം മനോഹരം; ടി. പദ്മനാഭന് ഇന്ന് 93

Monday 05 December 2022 1:05 AM IST

കണ്ണൂർ: വർഷങ്ങളായി ഉച്ചയ്ക്ക് പ്രിയഭക്ഷണമായ കഞ്ഞിയും തോരനും കഴിക്കുന്ന ടി. പദ്മനാഭൻ ഇന്ന് സദ്യയുണ്ണും. മലയാളികളുടെ പ്രിയ കഥാകൃത്ത് ഇന്ന് 93 വയസാവുകയാണ്. സസ്യാഹാരിയായ പദ്മനാഭന് പാലടപ്രഥമനും പ്രിയമാണ്. പക്ഷേ, രുചിനോക്കുകയെ നിവൃത്തിയുള്ളു, പ്രമേഹം വില്ലനാണ്. മധുരത്തേക്കാളും രുചി ദോശയ്ക്കും ചപ്പാത്തിക്കും ഉണ്ടെന്നാണ് പദ്മനാഭന്റെ പക്ഷം. പാചകപരീക്ഷണങ്ങൾ ഹോബിയാണെങ്കിലും വച്ചു വിളമ്പാൻ ഹോം നഴ്സ് പദ്മാവതിയുണ്ട്.

പദ്മനാഭന്റെ കഥകൾ പോലെ തന്നെ ജീവിതവും ലളിതവും സുന്ദരവുമായി മുന്നോട്ടു പോവുകയാണ്. പിറന്നാളിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതും ഈ വിശേഷണത്തിന് അടിവരയിട്ടാണ്. 'ആഘോഷങ്ങളൊന്നുമില്ല, എങ്കിലും ഇന്ന് പിറന്നാളാണ്." പോത്താംകണ്ടം സ്വാമിയുടെ നിർബന്ധത്താൽ അഞ്ചുവർഷമായി ചെറിയ ആഘോഷമുണ്ട്. സ്വാമി പറഞ്ഞാൽ മറുവാക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഇന്നു രാവിലെ 9 മുതൽ ചെറുപുഴ പോത്താംകണ്ടം ആനന്ദ ഭവനത്തിലാണ് പിറന്നാളാഘോഷം. ചീഫ് സെക്രട്ടറി വി.പി. ജോയ് ഉദ്ഘാടനം ചെയ്യും. കണ്ണൂർ പള്ളിക്കുന്ന് പൊടിക്കുണ്ടിലെ പതിനഞ്ചാം നമ്പർ രാജേന്ദ്രനഗർ ഹൗസിംഗ് കോളനിയിൽ ഒരു കൊച്ചുവീടുണ്ട് 'നളിനകാന്തി". അദ്ദേഹത്തിന്റെ കഥാസമാഹാരത്തിന്റെ പേര് ഒരു കഥപോലെ വീടിനും കിട്ടി.

കഥകളിൽ പ്രണയത്തെ അതിന്റെ ചാരുതയോടെ വരച്ചുകാട്ടിയ പദ്മനാഭനോട് പ്രണയത്തെപ്പറ്റി ചോദിച്ചാൽ ചെറുചിരിയോടെ പറയുക 'പ്രണയം പറയേണ്ടതല്ല. രഹസ്യമാണ്" എന്നാണ്. എന്നിട്ട് കണ്ണിറുക്കി ഒരു ചെറുചിരികൂടി. വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ പാചകം അറിയാത്ത ഭാര്യ ചുക്കുവെള്ളത്തിൽ ചായ ഉണ്ടാക്കി നൽകിയ കഥ അദ്ദേഹത്തിന്റെ ഭാര്യ സ്നേഹത്തോടെ ഓർത്തപോലെ പ്രണയം പറയേണ്ടതല്ലതന്നെ.

എൻ.വി. കൃഷ്ണവാര്യരും എം. ഗോവിന്ദനും പദ്മനാഭനെ സ്വാധീനിച്ചിട്ടുണ്ട്. ജീവിതത്തിൽ അമ്മയും ഏട്ടത്തിയുമാണ് സ്വാധീനിച്ചതെന്ന് അദ്ദേഹം പറയുന്നു. ഏട്ടത്തി പല കഥകളിലും വരുന്നുണ്ട്. കഥകൾ ഇനിയും എഴുതണം. ഇതുപോലെ ജീവിക്കണം. അതാണ് ലോകമലയാളികളുടെ മോഹവും.

Advertisement
Advertisement