മണ്ണറിവിനായി കതിരൂരിൽ മണ്ണ് മ്യൂസിയം ഒരുങ്ങുന്നു

Monday 05 December 2022 12:08 AM IST

കണ്ണൂർ: മണ്ണിനെക്കുറിച്ച് പഠിക്കാനും കണ്ടറിയാനും സംസ്ഥാനത്തെ ആദ്യ ഗ്രാമീണ മണ്ണ് മ്യൂസിയം കതിരൂരിൽ ഒരുങ്ങുന്നു. മണ്ണ് പര്യവേഷണ -സംരക്ഷണ വകുപ്പും കതിരൂർ പഞ്ചായത്തും ചേ‌ർന്നാണ് കർഷകർക്കും വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും പ്രയോജനപ്പെടുന്ന മ്യൂസിയമൊരുക്കുന്നത്. ലോക മണ്ണ് ദിനമായ ഇന്ന് മ്യൂസിയത്തിന്റെ പ്രഖ്യാപനം നടത്തും. സാങ്കേതിക ഭരണാനുമതി ലഭിച്ചാൽ അഞ്ചുമാസം കൊണ്ട് പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. പുല്യോട് ഗവ. എൽ.പി സ്കൂളിലെ ക്ലാസ് മുറിയാകും മ്യൂസിയമാക്കുക. തിരുവനന്തപുരത്ത് മണ്ണ് മ്യൂസിയമുണ്ടെങ്കിലും അവിടെ രാജ്യത്തെ പൊതുമണ്ണിനങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. ഒരു പ്രദേശത്തെ മണ്ണിനങ്ങളെ മാത്രം പ്രദർശിപ്പിക്കുന്ന മ്യൂസിയമാണ് കതിരൂരിൽ ഒരുങ്ങുന്നത്. പഞ്ചായത്തിലെ തനത് മണ്ണിനങ്ങളും ഗുണനിലവാരവും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. ഒപ്പം മണ്ണിന്റെ പോഷകനിലവാരം മനസിലാക്കുന്നതിന് പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സൾഫർ, ഇരുമ്പ് തുടങ്ങിയ മൂലകങ്ങൾ എത്ര അടങ്ങിയിട്ടുണ്ടെന്നുള്ള മാപ്പും പ്രദർശിപ്പിക്കും. നീർത്തടങ്ങളുടെ 3ഡി മാപ്പിനൊപ്പം പ്രദേശത്തെ നീരൊഴുക്കിനെ കുറിച്ചുള്ള വിവരങ്ങളും മണ്ണിന് യോജിച്ച വിളകളേതെന്ന വിവരവും സൂക്ഷിക്കും. മ്യൂസിയത്തിനുള്ള ഫണ്ട് പഞ്ചായത്ത് പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്.

മണ്ണ് ശ്രേണികൾ കണ്ടെത്തും

മ്യൂസിയത്തിന്റെ ആദ്യപടിയെന്ന നിലയിൽ ഈ മാസം അവസാനത്തോടെ പഞ്ചായത്തിലെ മണ്ണ് പരിശോധിച്ച് തനതായ സ്വഭാവസവിശേഷതയോടു കൂടിയ മണ്ണ് ശ്രേണികൾ കണ്ടെത്തും. തിരുവനന്തപുരത്ത് നിന്ന് പ്രത്യേകപരിശീലനം നേടിയ വിദഗ്ദ്ധർ പരിശോധനയ്ക്കെത്തും. കണ്ടെത്തുന്ന മണ്ണ് ശ്രേണികൾക്ക് അതത് പ്രദേശത്തിന്റെ പേരുനൽകും.

 കർഷകർക്കും വിദ്യാ‌ർത്ഥികൾക്കുമെല്ലാം ഏറെ പ്രയോജനകരമായ ഒരു മ്യൂസിയമാണ് കതിരൂരിൽ ഒരുങ്ങുന്നത്. സാങ്കേതിക ഭരണാനുമതി ലഭിച്ചാലുടൻ മ്യൂസിയത്തിന്റെ പ്രവൃത്തികൾ ആരംഭിക്കും.

എ. രതീദേവി, അസി. ഡയറക്ടർ ,

മണ്ണ് പര്യവേഷണ വകുപ്പ്