കെ-ഫോൺ കണക്‌ഷൻ: നറുക്കെടുക്കേണ്ട അവസ്ഥയിൽ തദ്ദേശ സ്ഥാപനങ്ങൾ

Monday 05 December 2022 12:14 AM IST

മലപ്പുറം: കെ-ഫോൺ പദ്ധതിയിൽ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കേണ്ട ബി.പി.എൽ കുടുംബങ്ങളുടെ എണ്ണം 14,000 ആയി സർക്കാർ നിജപ്പെടുത്തിയതോടെ ഗുണഭോക്താക്കളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കേണ്ട അവസ്ഥയിൽ തദ്ദേശ ഭരണസമിതികൾ. ഒരു നിയമസഭാ മണ്ഡലത്തിൽ നിശ്ചിതമാനദണ്ഡങ്ങളോടെ 100 കുടുംബങ്ങൾക്കാണ് കണക്‌ഷൻ ലഭിക്കുക. പ്രാഥമിക പട്ടികയിൽ അതിലേറെ ഗുണഭോക്താക്കളുണ്ട്. ഒരു പഞ്ചായത്തിൽ ഉൾപ്പെടുത്താനാവുക പരമാവധി 20 പേരെ.

ഈ മാസം സൗജന്യ കണക്‌ഷനുകൾ നൽകാനാണ് നീക്കം. ഗുണഭോക്തൃ പട്ടിക ലഭിക്കുന്ന മുറയ്ക്ക് ഫീസിബിലിറ്റി സ്റ്റഡി നടത്തും. ഒപ്റ്റിക്കൽ ഫൈബർ ശൃംഖല കടന്നുപോകുന്ന ഇടങ്ങളുടെ വിവരങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയിട്ടുണ്ട്. സർവീസ് പ്രൊവൈ‌ഡറെയും ബി.എസ്.എൻ.എല്ലിന്റെ ബാൻഡ് വിഡ്ത്തും ഒരുക്കിയിട്ടുണ്ടെന്ന് കെ-ഫോൺ അധികൃതർ പറഞ്ഞു.

മുൻഗണന ഇവർക്ക്

സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളുള്ള കുടുംബങ്ങൾക്കാണ് കൂടുതൽ പരിഗണന. ആദ്യം എസ്.ടി വിഭാഗത്തെയും ശേഷം എസ്.സി കുടുംബങ്ങളെയും പരിഗണിക്കും. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട സ്‌കൂൾ വിദ്യാർത്ഥികളുള്ള കുടുംബത്തിൽ 40 ശതമാനമോ അതിലധികമോ അംഗവൈകല്യമുള്ളവരെയും പരിഗണിക്കും. സ്‌കൂൾ വിദ്യാർത്ഥികളുള്ള ബി.പി.എൽ കുടുംബങ്ങളെ പിന്നാലെ പരിഗണിക്കും.

സൗജന്യ ഇന്റർനെറ്റ് കണക്‌ഷന് അർഹരായവർ കൂടുതലുള്ളതിനാൽ തിരഞ്ഞെടുക്കൽ ദുഷ്കരമാണ്. കൂടുതൽ പേരെ ഉൾപ്പെടുത്താൻ സർക്കാർ നടപടിയെടുക്കണം.

പി.സി. അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് ലീഗ് ജില്ലാ പ്രസിഡന്റ്