ഡി.ടി.ഒയെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചു
Monday 05 December 2022 12:20 AM IST
കടയ്ക്കൽ: മതിരയിൽ കെ.എസ്.ആർ.ടി.സി ഡി.ടി.ഒയെയും കുടുംബത്തെയും പത്തംഗസംഘം വീട് കയറി ആക്രമിച്ചു. മതിര കരുണയിൽ സുരേഷ് കുമാറിനെയും കുടുംബത്തെയുമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ആക്രമിച്ച് പരിക്കേൽപിച്ചത്. സുരേഷ് കുമാറിന്റെ മകന്റെ കാറും ബി.ജെ.പി പ്രവർത്തകനായ മതിര ചെക്കിട്ടമുക്ക് സ്വദേശി പ്രസന്നന്റെ ഇരുചക്ര വാഹനവുമായി മതിര ശിവക്ഷേത്രക്കുളത്തിന് സമീപത്തുവച്ച് അപകടത്തിൽപ്പെട്ടിരുന്നു. ഇതിന്റെ വിരോധത്തിലാണ് പ്രസന്നനും മകനും അടക്കമുള്ള സംഘം രാത്രി 8.30ഓടെ സുരേഷ് കുമാറിന്റെ വീട്ടിൽ ആക്രമണം നടത്തിയത്. തടയാൻ ശ്രമിച്ച മരുമകൾ അഞ്ജലിയെയും സംഘം മർദ്ദിച്ചു. മൂക്കിന് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചിതറ പൊലീസ് അന്വേഷണം ആരംഭിച്ചു.