ലോകകപ്പ് ഫുട്‌ബാൾ മത്സരം കാണാൻ പോകുന്നതിനിടെ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു
Monday 05 December 2022 2:21 AM IST
തേഞ്ഞിപ്പലം: ലോകകപ്പ് ഫുട്‌ബാൾ മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു. പെരുവള്ളൂർ കാടപ്പടി നജാത്ത് ദഅവ കോളേജിലെ രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥി നാദിർ(17) ആണ് മരിച്ചത്. കോഴിക്കോട് മാവൂർ സ്വദേശി കണ്ണംപിലാക്കൽ പറമ്പിൽ ഹംസക്കോയയുടെയും നഫീസയുടെയും മകനാണ്. ശനിയാഴ്ച്ച അർദ്ധരാത്രിയായിരുന്നു സംഭവം. ഉങ്ങുങ്ങലിലുള്ള കോളേജ് ഹോസ്റ്റലിൽ നിന്ന് കളി കാണാൻ പോകവേ സമീപത്തെ ചാലിപ്പാടത്തുള്ള കിണറിലാണ് കുട്ടി വീണത്. പരിചയമില്ലാത്ത സ്ഥലമായതിനാൽ നായ്ക്കളെ കണ്ടപ്പോൾ മാറി നിൽക്കവേ ആൾമറയില്ലാത്ത കിണറിൽ വീഴുകയായിരുന്നുവെന്നാണ് നിഗമനം. മീഞ്ചന്തയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച് മരണം സ്ഥിരീകരിച്ചു.