കൊച്ചുപ്രേമന് അന്ത്യയാത്രാമൊഴി

Monday 05 December 2022 12:29 AM IST

തിരുവനന്തപുരം: ചലച്ചിത്രതാരം കൊച്ചുപ്രേമന്റെ ഭൗതികശരീരം ഇന്നലെ ഉച്ചയോടെ തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു. മകൻ ഹരികൃഷ്ണൻ അന്ത്യകർമ്മങ്ങൾ ചെയ്തു. രാവിലെ തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിനുമുന്നിൽ ഭാര്യ ഗിരിജ പൊട്ടിക്കരഞ്ഞപ്പോൾ മകൻ ഹരികൃഷ്ണൻ അമ്മയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചത് കൂടിനിന്നവരെയെല്ലാം കണ്ണീരിലാക്കി. മന്ത്രിമാരായ ജി.ആർ. അനിൽ,വി. ശിവൻകുട്ടി,എം.എൽ.എമാരായ മുകേഷ്,​ വി.കെ. പ്രശാന്ത്, ഐ.ബി. സതീഷ്, ജി. സ്റ്റീഫൻ, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ,മേയർ ആര്യാ രാജേന്ദ്രൻ, എം. വിജയകുമാർ,സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്,തുളസീദാസ്,വയലാർ മാധവൻകുട്ടി,വക്കം ഷക്കീർ,രാജ് മോഹൻ,അനിൽ മുഖത്തല,മഞ്ജു പിള്ള തുടങ്ങിവർ കൊച്ചുപ്രേമന്റെ വലിയവിളയിലെ 'ചിത്തിര"യിലും ഭാരത് ഭവനിലുമായി യാത്രാമൊഴിയേകാനെത്തി. താരസംഘടനയായ അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ,ഫെഫ്ക,​ ടി.വി താരങ്ങളുടെ സംഘടനയായ ആത്മ എന്നിവയുടെ ഭാരവാഹികൾ ആദരാഞ്ജലി അർപ്പിച്ചു.

ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു മരണം. 66 വയസായിരുന്നു. മരണാനന്തര ചടങ്ങ് 9ന് രാവിലെ 8.30ന് സ്വവസതിയിൽ നടക്കും.