സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് നീക്കം

Monday 05 December 2022 12:31 AM IST

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജിചെറിയാനെതിരായ കേസിൽ അന്വേഷണം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അവസാനിപ്പിക്കാൻ പൊലീസ് നീക്കം. ക്രിമിനൽ കേസ് നിലനിൽക്കില്ലെന്ന് പബ്ളിക് പ്രോസിക്യൂട്ടറാണ് അന്വേഷണച്ചുമതലയുള്ള തിരുവല്ല ഡിവൈ.എസ്.പി രാജപ്പൻ റാവുത്തർക്ക് നിയമോപദേശം നൽകിയത്. മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നോ അടുത്ത ദിവസങ്ങളിലോ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

കേസ് അവസാനിപ്പിക്കുകയാണെങ്കിൽ അതിന് പ്രത്യേക രാഷ്ട്രീയ പ്രാധാന്യമുണ്ട്. ആരോപണ മുക്തനായാൽ അദ്ദേഹത്തിന് മന്ത്രിസഭയിൽ പുനഃപ്രവേശനത്തിന് സാദ്ധ്യതയുണ്ട്. മറ്റൊരാളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരിക, യുവജനക്ഷേമവകുപ്പുകൾ മൂന്ന് മന്ത്രിമാർക്കായി വിഭജിച്ച് നൽകിയിരിക്കുകയാണ്.

ആലപ്പുഴ ജില്ലയിലെ സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളിലൊരാളെ മന്ത്രിസഭയ്ക്ക് പുറത്തു നിറുത്തുന്നതിൽ സി.പി.എമ്മിനും യോജിപ്പില്ല. എം.എൽ.എ സ്ഥാനവും രാജിവയ്ക്കണമെന്ന ആവശ്യം അന്ന് ചിലർ ഉയർത്തിയെങ്കിലും അത് വേണ്ടെന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്.

പരാതിക്കാരനായ അഡ്വ. ബൈജു നോയലിന് അന്വേഷണോദ്യോഗസ്ഥൻ നോട്ടീസ് നൽകി കേസ് അവസാനിപ്പിച്ചാലും കടമ്പകൾ തീരില്ല. മറ്റേതെങ്കിലും ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചാൽ നിയമപ്രശ്നങ്ങൾ നീളും.

കഴിഞ്ഞ ജൂലായ് മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിൽ സി.പി.എം സംഘടിപ്പിച്ച പരിപാടിയിൽ സജിചെറിയാൻ ഭരണഘടനയെക്കുറിച്ച് നടത്തിയ ചില പരാമർശങ്ങളാണ് വിവാദത്തിലേക്കും കേസിലേക്കും നയിച്ചത്. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നെങ്കിലും ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികളിലേക്ക് പൊലീസ് പോയില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു.

Advertisement
Advertisement