ഓൺലൈൻ വഴി ഭൂമി രജിസ്ട്രേഷൻ ആധാരമെഴുത്തുകാരുമായി ചർച്ച

Monday 05 December 2022 12:33 AM IST

തിരുവനന്തപുരം: മുദ്രപ്പത്രം ഒഴിവാക്കി ഫോറം (ടെംപ്ളേറ്റ്) രൂപത്തിൽ ഓൺലൈൻ വഴി ഭൂമി രജിസ്ട്രേഷൻ സാദ്ധ്യമാവുന്ന പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ആധാരമെഴുത്തുകാരുടെയും വെണ്ടർമാരുടെയും സംഘടനകളുമായി വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഡിസംബർ 8ന് ചർച്ച നടത്തും. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനെക്കുറിച്ച് ഡിസംബർ 2ന് 'കേരളകൗമുദി" വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നിയമസഭയിലെ മന്ത്രിയുടെ ചേംബറിൽ രാവിലെ 10.30നാണ് ചർച്ച.

പദ്ധതി നടപ്പാക്കുന്നതിൽ ആധാരമെഴുത്തുകാർ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ, ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ, ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് യൂണിയൻ എന്നീ സംഘടനകളുടെ രണ്ടു പ്രതിനിധികളെ വീതമാണ് ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്. അവരുമായുള്ള ചർച്ച കഴിഞ്ഞാലുടൻ സ്റ്റാമ്പ് വെണ്ടേഴ്സ് അസോസിയേഷൻ, സ്റ്റാമ്പ് വെണ്ടേഴ്സ് യൂണിയൻ, സ്റ്റാമ്പ് വെണ്ടേഴ്സ് ഫ്രണ്ട് എന്നീ സംഘടനകളുടെ പ്രതിനിധികളുമായും ചർച്ചയുണ്ടാവും.